ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ


12, August, 2026
Updated on 12, August, 2026 2



ന്യൂഡൽഹി : രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി തലസ്ഥാന നഗരിയിൽ ഭീകരാക്രമണ ഭീഷണിയെ തുടർന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് ഉത്തരേന്ത്യൻ റെയിൽവേ. ഓഗസ്റ്റ് 13 മുതൽ 16 വരെ നഗരത്തിലെ പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാർക്ക് കർശനമായ പരിശോധനകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ നടപടികൾ കാരണം ഉണ്ടാകാൻ സാധ്യതയുള്ള യാത്ര തടസ്സങ്ങളും തിരക്കും ഒഴിവാക്കാൻ യാത്രക്കാർ കൃത്യസമയത്തിന് മുമ്പ് തന്നെ സ്റ്റേഷനുകളിൽ എത്തിച്ചേരണമെന്നും, സുരക്ഷാ ജീവനക്കാരുമായി പൂർണ്ണമായി സഹകരിക്കണമെന്നും റെയിൽവേ പുറപ്പെടുവിച്ച യാത്ര സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ആവശ്യമായ സഹായങ്ങൾക്കായി 139 എന്ന ഹെൽപ്പ് ലൈൻ നമ്പറും റെയിൽവേ സജ്ജമാക്കിയിട്ടുണ്ട്.


സുരക്ഷ മുൻനിർത്തി ഓഗസ്റ്റ് 12 മുതൽ 15 അർദ്ധരാത്രി വരെ ഡൽഹിയിലെ പ്രമുഖ അഞ്ച് റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാർസൽ സർവീസുകൾ പൂർണ്ണമായും താൽക്കാലികമായി നിർത്തിവെച്ചു. ന്യൂഡൽഹി, പഴയ ഡൽഹി (ഡൽഹി ജംഗ്ഷൻ), ഹസ്രത്ത് നിസാമുദ്ദീൻ, ആനന്ദ് വിഹാർ ടെർമിനൽ, ഡൽഹി സരായ് രോഹില്ല എന്നീ പ്രമുഖ സ്റ്റേഷനുകളിലാണ് പാർസൽ ബുക്കിംഗിനും കൈമാറ്റത്തിനും വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ ലിസ് ചെയ്ത ലഗേജ് വാനുകൾക്കും പ്രത്യേക പാർസൽ വാനുകൾക്കും നിയന്ത്രണം ബാധകമായിരിക്കും. പാർസൽ ഗോഡൗണുകളും പ്ലാറ്റ്‌ഫോമുകളും പാക്കറ്റുകളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.


അതേസമയം, ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാർക്ക് തങ്ങളുടെ വ്യക്തിഗത ലഗേജുകൾ കൈവശം സൂക്ഷിക്കുന്നതിന് തടസ്സമില്ലെന്നും വാണിജ്യാടിസ്ഥാനത്തിലുള്ള പാർസലുകൾക്ക് മാത്രമാണ് നിരോധനമെന്നും റെയിൽവേ വക്താവ് വ്യക്തമാക്കി. എന്നാൽ കടുത്ത സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി രജിസ്റ്റർ ചെയ്ത പത്രങ്ങളും വാരികകളും കൊണ്ടുപോകാൻ അനുവദിക്കും. ചെങ്കോട്ടയിലും പരിസരപ്രദേശങ്ങളിലും ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ചേർന്ന് 15,000-ത്തിലധികം സൈനികരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളും ഡ്രോൺ നിരീക്ഷണവും ഉപയോഗിച്ചാണ് സുരക്ഷാ ഏജൻസികൾ നഗരത്തിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്.




Feedback and suggestions