നേതാജിയെ അപമാനിച്ചു ; രാജ്യസഭ എം.പി അനന്ത മഹാരാജിന് നൽകിയ 'ബംഗ വിഭൂഷൺ' പുരസ്‌കാരം പിൻവലിച്ച് പശ്ചിമ ബംഗാൾ സർക്കാർ


13, August, 2026
Updated on 13, August, 2026 4


കൊൽക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസിനെയും ആസാദ് ഹിന്ദ് ഫൗജിനെയും കുറിച്ച് വിവാദപരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ രാജ്യസഭാ എം.പി നാഗേന്ദ്ര റോയ് എന്ന അനന്ത മഹാരാജിന് നൽകിയ ബംഗാളിലെ പരമോന്നത സംസ്ഥാന ബഹുമതിയായ 'ബംഗ വിഭൂഷൺ' പശ്ചിമ ബംഗാൾ സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു. നേതാജിയെ "യുദ്ധക്കുറ്റവാളി" എന്ന് വിശേഷിപ്പിക്കുകയും സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹത്തിന്റെയും ആസാദ് ഹിന്ദ് ഫൗജിന്റെയും പങ്കിനെ ചോദ്യം ചെയ്യുകയും ചെയ്തതാണ് വൻ പ്രതിഷേധത്തിന് കാരണമായത്. മുൻപ് ഇദ്ദേഹത്തിന് നൽകിയ ബഹുമതി റദ്ദാക്കിക്കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റായ നബന്ന വ്യാഴാഴ്ച നിർണ്ണായക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.വടക്കൻ ബംഗാളിലെ രാജ്ബംഗ്ഷി സമുദായ നേതാവും ഗ്രേറ്റർ കൂച്ച് ബിഹാർ പീപ്പിൾസ് അസോസിയേഷൻ തലവനുമായ അനന്ത മഹാരാജ് ഒരു പൊതുസമ്മേളനത്തിലാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. നേതാജി സ്വന്തമായി ആസാദ് ഹിന്ദ് ഫൗജ് ഉണ്ടാക്കിയതല്ലെന്നും ജർമ്മൻകാർ തടവിലാക്കിയ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഇന്ത്യൻ സൈനികരെ നേതാജിയുടെ കൈകളിൽ ഏൽപ്പിക്കുകയായിരുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനുപുറമേ ബ്രിട്ടീഷ് ഭരണകാലത്തെ നിയമ വ്യവസ്ഥയെ പുകഴ്ത്തിയ എം.പി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ ആസാദ് ഹിന്ദ് ഫൗജ് എന്തിനാണ് ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്തതെന്നും ചോദിച്ചിരുന്നു. ബംഗാളിന്റെ അഭിമാനമായ നേതാജിക്കെതിരെ ഉയർന്ന അധിക്ഷേപങ്ങൾ സംസ്ഥാനത്തുടനീളം ശക്തമായ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കാണ് വഴിവെച്ചത്.നേതാജിയെ അധിക്ഷേപിക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾ ബംഗാളിന്റെ മണ്ണിൽ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അധികൃതർ, ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സിലിഗുരി സൈബർ ക്രൈം സ്റ്റേഷനിൽ അനന്ത മഹാരാജിനെതിരെ കേസെടുത്തിട്ടുണ്ട്.

















Feedback and suggestions