11, August, 2026
Updated on 11, August, 2026 2
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സഭയ്ക്കകത്തും പുറത്തും പ്രതിഷേധം അലകടലാക്കി പ്രതിപക്ഷം. വിദ്യാർത്ഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയിൽ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും അമിത് ഷാ ഇന്നും സഭയിൽ എത്താതിരുന്നത് ഭരണപക്ഷത്തിന്റെ ഒളിച്ചോട്ടമാണെന്ന് വിമർശനമുയർന്നു.
രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെതിരെയും ശക്തമായ പ്രതിഷേധമുയർന്നു. സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി പാർലമെന്റ് കവാടത്തിൽ പ്രതിപക്ഷ അംഗങ്ങളും എൻഡിഎ എംപിമാരും തമ്മിൽ രൂക്ഷമായ വാക്പോരും ഉന്തും തള്ളുമുണ്ടായി. രാഹുൽ ഗാന്ധിക്കെതിരെ ഭരണപക്ഷവും അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷവും മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് സുരക്ഷാ ജീവനക്കാരെത്തിയാണ് ഇരുവിഭാഗത്തെയും മാറ്റി നിർത്തിയത്.
കേന്ദ്ര അന്വേഷണ ഏജൻസികളെ മോദി സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. വലിയ സാമ്പത്തിക ക്രമക്കേട് പുറത്തുവന്ന അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് മറുപടി പറയണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. വ്യാഴാഴ്ച സമ്മേളനം അവസാനിക്കാനിരിക്കെ വരുംദിവസങ്ങളിലും കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.