12, August, 2026
Updated on 12, August, 2026 2
ചെന്നൈ : തമിഴ്‌നാട്ടിലെ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആദ്യത്തെ ഗാനമായി തന്നെ നിർബന്ധമായും ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്ത് തമിഴ്‌നാട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. തമിഴ്‌നാട് ചീഫ് സെക്രട്ടറി എം. സായി കുമാർ പുറപ്പെടുവിച്ച ഈ നിർണ്ണായക ഉത്തരവ് സംസ്ഥാനത്തെ സർവ്വകലാശാലകൾക്കും മറ്റ് പൊതു സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണ്. ഓഗസ്റ്റ് 10-ന് തമിഴ്‌നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കിയ ചരിത്രപരമായ പ്രമേയത്തിന്റെ തുടർച്ചയായാണ് ചീഫ് സെക്രട്ടറിയുടെ ഈ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജൂലൈ 9-ന് സംസ്ഥാനങ്ങൾക്ക് അയച്ച നിർദ്ദേശത്തിൽ ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിന് തൊട്ടുമുമ്പായി 'വന്ദേമാതരം' ആലപിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ മനഓന്മണിയം സുന്ദരനാർ സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിൽ വന്ദേമാതരത്തിനും ദേശീയഗാനത്തിനും ശേഷമായി തമിഴ് തായ് വാഴ്ത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് വലിയ രാഷ്ട്രീയ വൻവിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. ഇതിൽ പ്രതിഷേധിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും സ്വത്വം സംരക്ഷിക്കുന്നതിനായി സംസ്ഥാന ഗാനത്തിന് തന്നെ ഒന്നാം സ്ഥാനം നൽകണമെന്ന ഉറച്ച നിലപാടിലേക്ക് തമിഴ്‌നാട് സർക്കാർ എത്തിയത്.
തമിഴ് കേവലം ഒരു ഭാഷ മാത്രമല്ലെന്നും തമിഴരുടെ ജീവനും വികാരവുമാണെന്നും സഭയിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും, തമിഴ് തായ് വാഴ്ത്തിന് ഒന്നാം സ്ഥാനം നൽകുന്നത് രാജ്യത്തിന്റെ വൈവിധ്യത്തിലെ ഏകത്വമെന്ന മഹത്തായ തത്വത്തെയാണ് ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, കോൺഗ്രസ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം രാഷ്‌ട്രീയ വിയോജിപ്പുകൾ മാറ്റിവെച്ച് പ്രമേയത്തെ പിന്തുണച്ചു. 1891-ൽ മനോന്മണിയം സുന്ദരനാർ രചിച്ച ഈ പ്രാർത്ഥനാഗാനം 1970-ലാണ് ചടങ്ങുകളിൽ പാടിത്തുടങ്ങിയതും പിന്നീട് സംസ്ഥാന ഗാനമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും.