ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; വൻതോതിൽ പഴകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാലും പിടികൂടി


8, August, 2026
Updated on 8, August, 2026 2


പഞ്ചനക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണസാധനങ്ങൾ പിടികൂടി. താജ് യശ്വന്ത്പുര, റാഡിസൺ ബ്ലൂ, ദി ലളിത് അശോക് ഉൾപ്പെടെയുള്ള ഉന്നത നിലവാരമുള്ള 26 ഹോട്ടലുകളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പഴകിയ മാംസം, പൂപ്പൽ ബാധിച്ച പച്ചക്കറികൾ, കാലാവധി കഴിഞ്ഞ പാൽ, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവ വിവിധയിടങ്ങളിൽ നിന്നായി കണ്ടെത്തി നശിപ്പിച്ചു.ഏറ്റവും കൂടുതൽ അഴുകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത് റാഡിസൺ ബ്ലൂ നിന്നാണ്. 50 കിലോ കോഴിയിറച്ചി ഉൾപ്പെടെ 75 കിലോ പഴകിയ മാംസം, 23 കിലോ മീൻ, 7 കിലോ പച്ചക്കറികൾ എന്നിവ പിടിച്ചെടുത്തു. ദി ലളിത് അശോക് ഹോട്ടലിൽനിന്ന് 76 കിലോ പഴകിയ ഇറച്ചി, 200 കിലോ പൂപ്പൽ ബാധിച്ച പച്ചക്കറികൾ, കാലാവധി കഴിഞ്ഞ 32 ലിറ്റർ പാൽ എന്നിവ കണ്ടെത്തി. താജ് യശ്വന്ത്പുരയിൽനിന്ന് 72 കിലോ പഴകിയ ഇറച്ചിയും മീനും കണ്ടെത്തി നശിപ്പിച്ചു. ഫോർ സീസൺസ് ഹോട്ടലിൽനിന്ന് 19 കിലോ പഴകിയ മാംസം പിടിച്ചെടുത്തു. ഷാങ്​ഗ്രി-ലാ ബെം​ഗളൂരുവിൽനിന്ന് 15 കിലോ പഴകിയ ഇറച്ചി കണ്ടെത്തി. വിവാന്ത വൈറ്റ്ഫീൽഡിൽനിന്ന് കാലാവധി കഴിഞ്ഞ 3 കിലോ ബേക്കറി ഉൽപ്പന്നങ്ങൾ പിടികൂടി.ഉയർന്ന നിലവാരമുള്ള ഹോട്ടലുകൾ കൃത്യമായ ശുചിത്വ മാനദണ്ഡങ്ങളും ഭക്ഷ്യസുരക്ഷാ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തിയതെന്ന് കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ അറിയിച്ചു. നിയമലംഘനം നടത്തിയ ഹോട്ടലുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി ശേഖരിച്ച 35 ഭക്ഷണ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാഫലം ലഭിച്ച ശേഷം കൂടുതൽ കർശനമായ നിയമനടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.




Feedback and suggestions