29, June, 2026
Updated on 29, June, 2026 2
ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടലിനെ തുടർന്ന് ഹരിയാനക്കും രാജസ്ഥാനും വൻ ആശ്വാസം. മൂന്ന് പതിറ്റാണ്ടിലേറെയായി ഹരിയാനയും രാജസ്ഥാനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് അന്ത്യം കുറിച്ച് ചരിത്രപരമായ യമുനാ ജല പദ്ധതി കരാർ ഒപ്പുവെച്ചു. തിങ്കളാഴ്ച ന്യൂഡൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ജലശക്തി മന്ത്രി സി.ആർ പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുസംസ്ഥാനങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയും രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ചടങ്ങിൽ പങ്കെടുത്തു.34,102 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു വൻകിട പദ്ധതിയാണിത്. പദ്ധതി നടപ്പിലാക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ രാജസ്ഥാനിലെ ഷെഖാവതി മേഖലയ്ക്ക് വലിയ ആശ്വാസമാകുന്നതാണ്. യമുനാ നദിയിലെ ജലം പങ്കിടുന്നതിനായി 1994 മെയ് 12-ന് ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ അഞ്ച് തടസംസ്ഥാനങ്ങൾ ചേർന്ന് 'അപ്പർ യമുനാ റിവർ ബോർഡ്' കരാർ ഉണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം രാജസ്ഥാന് പ്രതിവർഷം 577 ദശലക്ഷം ക്യുബിക് മീറ്റർ യമുനാ ജലത്തിന് അവകാശമുണ്ടായിരുന്നു. എന്നാൽ കരാർ ഒപ്പുവെച്ചെങ്കിലും ഹരിയാനയിൽ നിന്ന് രാജസ്ഥാനിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള കനാൽ ശൃംഖലകൾ നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ പരമ്പരാഗത കനാൽ രീതിക്ക് പകരം അത്യാധുനിക അണ്ടർഗ്രൗണ്ട് പൈപ്പ് ലൈൻ സംവിധാനം ഉപയോഗിക്കാൻ ഇരുസംസ്ഥാനങ്ങളും സമ്മതിച്ചതോടെയാണ് തർക്കത്തിന് പരിഹാരമായത്. പുതിയ പദ്ധതി പ്രകാരം ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് ആരംഭിച്ച് രാജസ്ഥാനിലെ ചുരു ജില്ലയിലെ ഹൻസിയാവാസ് റിസർവോയർ വരെ നീളുന്ന 295.5 കിലോമീറ്റർ ഭൂഗർഭ പൈപ്പ് ലൈൻ ശൃംഖല നിർമ്മിക്കും. 3.6 മീറ്ററിലധികം വ്യാസമുള്ള മൂന്ന് വലിയ പൈപ്പുകളാണ് ഇതിനായി സ്ഥാപിക്കുക. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൺസൂൺ മാസങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് ഒഴുകിപ്പോകുന്ന അധിക വെള്ളമാണ് രാജസ്ഥാന് നൽകുക. ഇത് വലിയ തടാകങ്ങളിൽ സംഭരിച്ച് ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ ഉപയോഗിക്കും. ഈ പൈപ്പ് ലൈൻ കടന്നുപോകുന്ന വഴിയിൽ ഹരിയാനയിലെ ഭിവാനി, ഫത്തേഹാബാദ് ഉൾപ്പെടെയുള്ള 10 പ്രധാന സ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാൽ ഇത് ഇരുസംസ്ഥാനങ്ങൾക്കും ഒരുപോലെ ഗുണകരമാണ്.