29, June, 2026
Updated on 29, June, 2026 34
ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹൈവേയിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം. കാസഗഞ്ച് ജില്ലയിൽ പരിശീലന പറക്കലിനിടയിൽ ട്രെയിനി വിമാനം തകർന്ന് ഹൈവേയിൽ പതിക്കുകയായിരുന്നു. അപകടത്തിൽ വനിതാ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. നിർമ്മാണത്തിലിരിക്കുന്ന ആറുവരി ഹൈവേയിലാണ് വിമാനം തകർന്നുവീണത് എന്നുള്ളതിനാൽ മറ്റ് ആളപായങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടായില്ല. അപകടത്തിൽ വിമാനം പൂർണ്ണമായും തകർന്നെങ്കിലും വനിതാ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. അലിഗഢ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏവിയേഷൻ അക്കാദമിയായ 'ചേതക് ഏവിയേഷൻ' വക സെസ്ന-152 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 'VT-AFB' എന്ന രജിസ്ട്രേഷനിലുള്ള ഈ വിമാനത്തിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.അലിഗഢിൽ നിന്ന് ഒറ്റയ്ക്കുള്ള പരിശീലന പറക്കലിനായി ഉയർന്നതായിരുന്നു വനിതാ പൈലറ്റ്. കാസഗഞ്ച് പോലീസ് ലൈന് പിന്നിലുള്ള ഹൈവേയ്ക്ക് സമീപമെത്തിയപ്പോൾ വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വിമാനം പ്രദേശത്തെ ഉയർന്ന വൈദ്യുത ലൈനുകളിൽ തട്ടിയ ശേഷമാണ് തകർന്നുവീണതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വലിയ ശബ്ദത്തോടെ വിമാനം വീണതോടെ പ്രദേശവാസികൾക്കിടയിൽ കടുത്ത പരിഭ്രാന്തി പരന്നു. അപകടം നടന്നയുടൻ തന്നെ സമീപഗ്രാമങ്ങളിലെ ജനങ്ങൾ ഓടിക്കൂടുകയും പോലീസും അടിയന്തര സേനകളും എത്തുന്നതിന് മുൻപ് തന്നെ പൈലറ്റിനെ വിമാനത്തിനുള്ളിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. പ്രാദേശിക കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇവരെ കാസഗഞ്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി ഇവരെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.