26, June, 2026
Updated on 26, June, 2026 2
കാരക്കാസ് : വെനിസ്വേലയുടെ വടക്കൻ തീരപ്രദേശങ്ങളെ ഉലച്ച ശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 235 ആയി. ദുരന്തത്തിൽ 4,300-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിഞ്ഞുവീണ കൂറ്റൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 40,000-ത്തോളം ആളുകളെ കാണാതായതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇവരെ കണ്ടെത്താനായി വൻതോതിലുള്ള രക്ഷാപ്രവർത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്. ജൂൺ 24 വൈകുന്നേരമാണ് വെനിസ്വേലയെ നടുക്കിയ ദുരന്തമുണ്ടായത്. യാരാക്വി പ്രവിശ്യയിലെ വെറോസ് എന്ന സ്ഥലമായിരുന്നു ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം. വെറും 39 സെക്കൻഡുകളുടെ ഇടവേളയിലാണ് 7.2, 7.5 എന്നീ തീവ്രത രേഖപ്പെടുത്തിയ രണ്ട് വൻ ഭൂചലനങ്ങൾ ഉണ്ടായത്. വെനിസ്വേലയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളാണിത്. ഭൂചലനത്തിന്റെ ആഘാതത്തിൽ തലസ്ഥാനമായ കാരക്കാസും വടക്കൻ തീരദേശ നഗരങ്ങളും തകർന്നടിഞ്ഞു. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള തീരദേശ നഗരങ്ങളായ ലാ ഗ്വൈറ, കാറ്റിയ ലാ മാർ, കാരബല്ലെഡ എന്നിവടങ്ങളിലാണ് ഏറ്റവും വലിയ നാശനഷ്ടമുണ്ടായിരിക്കുന്നത്. കാരക്കാസിലെ അൾട്ടാമിറയിൽ 22 നിലകളുള്ള ഒരു കൂറ്റൻ ഫ്ലാറ്റ് ഉൾപ്പെടെ നിരവധി ബഹുനില മന്ദിരങ്ങൾ പൂർണ്ണമായും തകർന്നു വീണു. ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട ലാ ഗ്വൈറ മേഖലയെ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. നിരന്തരമായ തുടർച്ചലനങ്ങളും വൈദ്യുതി ബന്ധം തകരാറിലായതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പരിക്കേറ്റവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്. വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെനിസ്വേലയെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയിട്ടുണ്ട്. യുഎൻ ദുരിതാശ്വാസ വിഭാഗം രക്ഷാപ്രവർത്തനങ്ങൾക്കായി പൂർണ്ണ സജ്ജമാണെന്ന് അറിയിച്ചു.യുണൈറ്റഡ് സ്റ്റേറ്റ്സ് വെനിസ്വേലയ്ക്കായി 150 മില്യൺ ഡോളറിന്റെ അടിയന്തിര സഹായ പാക്കേജ് പ്രഖ്യാപിച്ചു. ദുരന്ത നിവാരണത്തിനായുള്ള പ്രത്യേക ദൗത്യസംഘത്തെയും , ഹെലികോപ്റ്ററുകളും, നാവികസേനാ കപ്പലായ യുഎസ്എസ് ഫോർട്ട് ലോഡർഡേലും അമേരിക്ക പ്രദേശത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതിരിക്കാൻ വെനിസ്വേലയ്ക്ക് മേലുള്ള ചില സാമ്പത്തിക ഉപരോധങ്ങൾക്ക് യുഎസ് ട്രഷറി താൽക്കാലിക ഇളവ് അനുവദിച്ചിട്ടുണ്ട്.