26, June, 2026
Updated on 26, June, 2026 2
അടുത്തിടെ നടന്ന ഇറാൻ സംഘർഷത്തിൽ ഇറ്റലി വഹിച്ച പങ്കിനെക്കുറിച്ച് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആരോപിച്ചു. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സൈനിക നീക്കങ്ങൾക്ക് റോം വലിയ പിന്തുണ നൽകിയിട്ടുണ്ടെന്ന രീതിയിൽ റുട്ടെ സംസാരിച്ചതിന് പിന്നാലെയാണ് മെലോണി ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയത്. വ്യാഴാഴ്ചയായിരുന്നു നാറ്റോ മേധാവിക്കെതിരെ അവർ പരസ്യമായി രംഗത്തുവന്നത്.സംഘർഷ സമയത്ത് 500 ഓളം യുഎസ് സൈനിക വിമാനങ്ങൾക്ക് ഇറ്റാലിയൻ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ റോം അനുമതി നൽകിയെന്നും അതിലൂടെ അവർ നിർണ്ണായക പങ്ക് വഹിച്ചുവെന്നും റുട്ടെ ഫോക്സ് ന്യൂസിനോട് പറഞ്ഞിരുന്നു. ഈ പ്രസ്താവന ഇറ്റലിയിലെ പ്രതിപക്ഷ പാർട്ടികൾ മെലോണി സർക്കാരിനെതിരെ ആയുധമാക്കി.ഇറ്റലി യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന സർക്കാരിന്റെ മുൻ നിലപാടിന് വിരുദ്ധമാണ് ഇതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന് മറുപടിയായാണ് മെലോണി വിശദീകരണവുമായി എത്തിയത്. റുട്ടെയുടെ വാക്കുകൾ ഇറ്റാലിയൻ മണ്ണ് ഇറാന് നേരെയുള്ള നേരിട്ടുള്ള ആക്രമണങ്ങൾക്ക് ഉപയോഗിച്ചു എന്ന തെറ്റായ ധാരണ ഉണ്ടാക്കുന്നതാണെന്നും യുഎസ് സൈനിക കേന്ദ്രങ്ങളിൽ ലോജിസ്റ്റിക്കൽ, സാങ്കേതിക പ്രവർത്തനങ്ങൾക്ക് മാത്രമാണ് റോം അനുമതി നൽകിയതെന്നും അവർ വ്യക്തമാക്കി.
ദക്ഷിണ ഫ്രാൻസിൽ നടന്ന ഫ്രാങ്കോ-ഇറ്റാലിയൻ ഉച്ചകോടിക്കിടെ സംസാരിക്കവെ, സഖ്യകക്ഷികളുടെ പിന്തുണ വലുതാക്കി കാണിക്കാനുള്ള ശ്രമത്തിൽ നാറ്റോ മേധാവി പ്രധാനപ്പെട്ട വ്യത്യാസങ്ങൾ മറച്ചുവെച്ചതായി മെലോണി പറഞ്ഞു. അദ്ദേഹത്തിന്റെ ആവേശകരമായ വിവരണത്തിൽ തികച്ചും വ്യത്യസ്തമായ കാര്യങ്ങൾ കൂട്ടിക്കുഴച്ചുവെന്നും അനുവദനീയമായ വിമാന സർവീസുകളുടെ തരങ്ങളെക്കുറിച്ച് അദ്ദേഹം ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ടെഹ്‌റാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ ഇറ്റലി പങ്കാളിയായെന്ന വാദങ്ങളെ അവർ ശക്തമായി നിരസിച്ചു.
ഞങ്ങൾ ഇറാനുമായുള്ള സംഘർഷത്തിൽ പങ്കെടുത്തിട്ടില്ല. ഞങ്ങൾ അതിൽ പങ്കെടുത്തിരുന്നെങ്കിൽ, യുഎസ് പ്രസിഡന്റ് പലപ്പോഴും ആവർത്തിക്കുന്ന നിരാശയ്ക്ക് മറ്റ് കാരണങ്ങൾ ഉണ്ടാകുമായിരുന്നില്ലല്ലോ എന്നും അവർ കൂട്ടിച്ചേർത്തു. ഇറ്റലിയുടെ പങ്കിനെക്കുറിച്ച് റുട്ടെ എന്തിനാണ് ഇത്തരമൊരു ലളിതവൽക്കരിച്ച വിവരണം നൽകിയതെന്ന് തനിക്ക് അറിയില്ലെന്നും മെലോണി പറഞ്ഞു. ഒരുപക്ഷേ അടുത്ത നാറ്റോ ഉച്ചകോടിക്ക് മികച്ച രീതിയിൽ ഒരുങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇത്, എങ്കിലും ഇത്തരം കാര്യങ്ങൾ സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു.
തുടർന്ന് നാറ്റോ വക്താവ് ആലിസൺ ഹാർട്ട് വിശദീകരണവുമായി രംഗത്തെത്തുകയും നിലവിലുള്ള ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിലുള്ള ലോജിസ്റ്റിക്കൽ, സാങ്കേതിക പിന്തുണയെക്കുറിച്ചാണ് റുട്ടെ പരാമർശിച്ചതെന്നും ഇറ്റലി നേരിട്ട് ആക്രമണത്തിൽ പങ്കെടുത്തതായി അർത്ഥമാക്കിയിട്ടില്ലെന്നും വ്യക്തമാക്കി. ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജാനി ഈ വിഷയം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി സംസാരിച്ചുവെന്നും അവിടെ ഒരു തെറ്റിദ്ധാരണയാണ് ഉണ്ടായതെന്ന് ഇറാൻ അധികൃതർക്ക് മനസ്സിലായിട്ടുണ്ടെന്നും മെലോണി അറിയിച്ചു.