ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ


25, June, 2026
Updated on 25, June, 2026 2


ന്യൂഡൽഹി : ബംഗ്ലാദേശ് പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന ടൂറിസ്റ്റ് വിസ വിലക്ക് ഇന്ത്യ നീക്കി. രണ്ടു വർഷത്തോളമായി നിലനിന്നിരുന്ന താൽക്കാലിക വിലക്ക് അവസാനിപ്പിച്ചുകൊണ്ട് 2026 ജൂൺ 28 ഞായറാഴ്ച മുതൽ ടൂറിസ്റ്റ് വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുമെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി ചുമതലയേറ്റ ദിനേഷ് ത്രിവേദിയാണ് ധാക്കയിൽ വെച്ച് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ​ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ നീക്കം.ഞായറാഴ്ച മുതൽ ബംഗ്ലാദേശിലെ പ്രധാനപ്പെട്ട അഞ്ച് ഇന്ത്യൻ വിസ ആപ്ലിക്കേഷൻ സെന്ററുകൾ വഴി ടൂറിസ്റ്റ് വിസയ്ക്കായുള്ള അപേക്ഷകൾ സമർപ്പിക്കാം. വരും ദിവസങ്ങളിൽ ബംഗ്ലാദേശിലെ മറ്റ് നഗരങ്ങളിലേക്കും വിസ വിതരണം വ്യാപിപ്പിക്കുമെന്ന് ഹൈക്കമ്മീഷണർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളുള്ളവർക്കുള്ള മെഡിക്കൽ വിസകൾ മാനുഷിക പരിഗണനയോടെ തുടർന്നും വേഗത്തിൽ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി സഖ്യം അധികാരത്തിൽ വന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ഊഷ്മളമായത്. 2024 ഓഗസ്റ്റിൽ ബംഗ്ലാദേശിലുണ്ടായ രാഷ്ട്രീയ അട്ടിമറിയെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെ വ്യാപകമായ ആക്രമണങ്ങൾ ഉണ്ടാകുകയും സുരക്ഷാ കാരണങ്ങളാൽ വിസ നടപടികൾ ഇന്ത്യ വെട്ടിച്ചുരുക്കുകയുമായിരുന്നു. ഇപ്പോൾ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഇരുരാജ്യങ്ങളിലെയും സാധാരണക്കാരായ യാത്രികർക്കും വ്യാപാരികൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
















Feedback and suggestions