ലബനനിൽ ആക്രമണം തുടർന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ വിവിധ ഡ്രോൺ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത് മൂന്നുപേർ


26, June, 2026
Updated on 26, June, 2026 1



ടെൽ അവീവ് : പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി യു.എസിന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും, തെക്കൻ ലബനനിൽ ഇസ്രായേൽ വ്യോമാക്രമണങ്ങൾ ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കൻ ലബനനിലെ സാവതർ, മെയ്ഫദൂൺ പാതയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടതായി ലബനൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഈ ആഴ്ച മാത്രം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ലബനൻ പൗരന്മാരുടെ എണ്ണം ഏഴായി. അതേസമയം തങ്ങളുടെ സൈനികർക്ക് ഭീഷണി ഉയർത്തിയ ഹിസ്ബുള്ള ഭീകരരെയാണ് വധിച്ചതെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കുന്നത്. 


അതിർത്തിയിൽ സംഘർഷം നിലനിൽക്കുമ്പോഴും വാഷിംഗ്ടണിൽ അമേരിക്കയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഇസ്രായേൽ-ലബനൻ ഉഭയകക്ഷി ചർച്ചകളിൽ വൻ പുരോഗതിയുള്ളതായി യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. കഴിഞ്ഞ 30 വർഷത്തിനിടയിൽ ആദ്യമായാണ് ലബനൻ സർക്കാർ ഇസ്രായേലുമായി നേരിട്ട് ചർച്ച നടത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തെക്കൻ ലബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനായി ചില പ്രത്യേക 'പൈലറ്റ് സോണുകൾ' രൂപീകരിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. ഈ മേഖലകളുടെ നിയന്ത്രണം ലബനൻ ഔദ്യോഗിക സൈന്യത്തിന് കൈമാറാനാണ് പദ്ധതി. 


എന്നാൽ തെക്കൻ ലബനൻ പൂർണ്ണമായി നിരായുധമാക്കാതെയും ഹിസ്ബുള്ളയെ അതിർത്തിയിൽ നിന്ന് തുരത്താതെയും തങ്ങളുടെ സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. അതിർത്തിയിലെ തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കായി നിലവിൽ സ്ഥാപിച്ചിട്ടുള്ള ബഫർ സോണിൽ തുടരുമെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഇതോടൊപ്പം ലബനന്റെ പരമാധികാരം പൂർണ്ണമായി വീണ്ടെടുക്കാതെയും ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാതെയും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔണും വ്യക്തമാക്കിയിട്ടുണ്ട്.




Feedback and suggestions