എനിക്ക് ജനങ്ങളുടെ പണം മോഷ്ടിക്കാൻ അറിയില്ല; സ്റ്റാലിനെയും ഉദയനിധിയെയും കുട്ടിക്കഥയിലൂടെ പരിഹസിച്ച് നിയമസഭയിൽ വിജയിയുടെ പ്രസംഗം


23, June, 2026
Updated on 23, June, 2026 2



തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും കടുത്ത ഭാഷയിൽ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സിനിമയെ വെല്ലുന്ന മാസ്സ് ശൈലിയിൽ നിയമസഭയിൽ കുട്ടിക്കഥ അവതരിപ്പിച്ചാണ് വിജയ് ഡി.എം.കെ നേതൃത്വത്തെ പരിഹസിച്ചത്. തനിക്ക് അഴിമതി നടത്താനും ജനങ്ങളെ പരിഹസിക്കാനും അറിയില്ലെന്ന് വ്യക്തമാക്കിയ വിജയ്, മുൻ സർക്കാരിന്റെ കാലത്തെ കൊള്ളകളെല്ലാം തിരിച്ചുപിടിച്ച് ഖജനാവിലേക്ക് ചേർക്കുമെന്നും പ്രഖ്യാപിച്ചു.കൊളത്തൂർ മണ്ഡലത്തിൽ ഡി.എം.കെ നേരിട്ട തിരിച്ചടികളെയും സ്റ്റാലിന്റെ രാഷ്ട്രീയ പാരമ്പര്യത്തെയും ട്രോളിക്കൊണ്ടാണ് വിജയ് സഭയിൽ കഥ അവതരിപ്പിച്ചത്. ഡെസ്കിൽ അടിച്ച് കനത്ത ആരവത്തോടെയാണ് ഭരണകക്ഷി അംഗങ്ങൾ വിജയിയുടെ വാക്കുകളെ വരവേറ്റത്. "ഒരു ഊരിൽ പ്രായമായ ഒരു മനുഷ്യൻ വെയിൽ അടിക്കുന്നുവെന്ന് പറഞ്ഞ് കണ്ണിന് മുകളിൽ കൈ വെച്ച് ചുറ്റി നടന്നു. കൂടെയുണ്ടായിരുന്ന ചിന്ന പയ്യൻ (ചെറിയ കുട്ടി) എന്താണ് തേടുന്നത് എന്ന് ചോദിച്ചു. അപ്പോൾ ആ പെരിയവർ (മുതിർന്നയാൾ) പറഞ്ഞു: 'നിൻറെ പിതാവ് ഇവിടെ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു, പക്ഷേ കാണാനില്ല, എവിടെയാണ് നിൻറെ അച്ഛൻ?'"മുൻപ് ഡി.എം.കെ സർക്കാരിന്റെ കാലത്ത് പാർട്ടിയുടെ പേരിൽ നടത്തിയ കൊള്ളകളെല്ലാം തിരിച്ചുപിടിച്ച് സംസ്ഥാന ഖജനാവിലേക്ക് ചേർക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും തൊടാൻ ആരെയും അനുവദിക്കില്ല. ഡി.എം.കെ ഭരണകാലത്ത് സർക്കാർ മദ്യവിൽപ്പന ശാലയായ 'ടാസ്മാകി'ൽ നിന്നും കോടികളുടെ ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മുൻപ് സർക്കാർ പണം തട്ടിയവരെ വെറുതെ വിടില്ലെന്ന് വിജയ് സഭയിൽ അസന്നിഗ്ധമായി പ്രഖ്യാപിച്ചത്.ഷൂട്ടിങ് സെറ്റിൽ നിന്ന് വന്ന് നേരിട്ട് മുഖ്യമന്ത്രിയായ ആളെന്ന തരത്തിലുള്ള പരിഹാസങ്ങൾക്ക് വിജയ് മറുപടി നൽകി. താൻ സാധാരണ നടനിൽ നിന്ന് ഈ പദവിയിലെത്തിയത് തമിഴ് ജനതയുടെ പൂർണ്ണ പിന്തുണയിലാണ്. തന്റേത് തികച്ചും സുതാര്യമായ രാഷ്ട്രീയമാണെന്നും വിജയ് വ്യക്തമാക്കി. തനിക്കും തന്റെ മന്ത്രിമാർക്കും ഭരിക്കാൻ അറിയില്ലെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടിയാണ് വിജയ് നൽകിയത്. തനിക്ക് അറിയാത്ത കാര്യങ്ങളുടെ ഒരു പട്ടിക തന്നെ വിജയ് സഭയിൽ എണ്ണിപ്പറഞ്ഞു ജനങ്ങളുടെ പണം മോഷ്ടിക്കാൻ വിജയ്ക്കോ ഈ സർക്കാരിനോ അറിയില്ല, ടെണ്ടർ തുകകൾ കൃത്രിമമായി ഉയർത്തി കോടികളുടെ അഴിമതി നടത്താൻ അറിയില്ല, ആചാരങ്ങളെ ലംഘിച്ച് ക്ഷേത്രങ്ങളിലെ പണം വകമാറ്റാൻ അറിയില്ല, ഡി.എം.കെ നേതാക്കൾ മുൻപ് ചെയ്തത് പോലെ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ 'ഓസി ബസ്' എന്ന് വിളിച്ച് ജനങ്ങളെ പരിഹസിക്കാൻ അറിയില്ല.തമിഴ്‌നാടിന്റെ വികസനവും വളർച്ചയും മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിജയ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത മതേതര സർക്കാരായിരിക്കും ടി.വി.കെ. "ഞങ്ങൾ ആരുടേയും ടീം അല്ല, ജനത്തിന്റെ ടീം മാത്രമാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയോട് ഞങ്ങൾക്ക് വ്യക്തമായ ആശയപരമായ എതിർപ്പുണ്ട്. എന്നാൽ വികസന കാര്യങ്ങളിൽ കണ്ണടച്ച് എല്ലാ വിഷയത്തിലും കേന്ദ്രത്തെ എതിർക്കാൻ ഞങ്ങൾ തയ്യാറല്ല. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയത്തിൽ ഒരു മാറ്റവുമുണ്ടാകില്ല."ചിലർ അവകാശപ്പെടുന്നത് പോലെ ടി.വി.കെ സർക്കാർ ആരുടെയും ഔദാര്യത്തിലല്ല നിലനിൽക്കുന്നത്. സി.പി.എമ്മും സി.പി.ഐയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി കഴിഞ്ഞതാണ്. ജനങ്ങളുടെ പൂർണ്ണ അനുമതിയോടെയും പിന്തുണയോടെയുമാണ് ഈ സർക്കാർ തമിഴ്‌നാട് ഭരിക്കുന്നതെന്നും തന്നെ തകർക്കാൻ ഒന്നിച്ച് നിൽക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്നും വിജയ് കൂട്ടിച്ചേർത്തു.






















Feedback and suggestions