ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു


21, June, 2026
Updated on 21, June, 2026 5



ന്യൂഡൽഹി : അന്താരാഷ്ട്ര എണ്ണ വിപണിയിൽ തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളിലൂടെ വ്യക്തമായ മുൻതൂക്കം നേടി ഇന്ത്യ. അമേരിക്കയുടെ എല്ലാ എതിർപ്പുകളെയും തൃണവൽഗണിച്ച് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിൽ കൂടുതൽ വർദ്ധനവ് വരുത്തിയിരിക്കുകയാണ്. ജൂൺ മാസത്തിലെ പ്രാഥമിക കണക്കുകൾ പ്രകാരം ഇന്ത്യയിലേക്കുള്ള റഷ്യൻ അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ 39 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും (ഏകദേശം 53.5%) റഷ്യയിൽ നിന്നായി മാറി. അതേസമയം, അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വലിയ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.മേയ് മാസത്തിൽ റഷ്യയിൽ നിന്ന് പ്രതിദിനം 1.91 മില്യൺ ബാരൽ എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നതെങ്കിൽ, ജൂൺ പകുതിയോടെ അത് പ്രതിദിനം 2.66 മില്യൺ ബാരലായി ഉയർന്നു. ജൂൺ മാസത്തെ ആകെ കണക്കെടുക്കുമ്പോൾ ഇത് റെക്കോർഡ് വേഗതയിലാണ് മുന്നേറുന്നത്. ഇതിനുമുമ്പ് 2023 മേയ് മാസത്തിലുണ്ടായ 2.2 മില്യൺ ബാരലായിരുന്നു ഏറ്റവും ഉയർന്ന പ്രതിദിന ഇറക്കുമതി. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ കൂട്ടിയപ്പോൾ ഇന്ത്യ യുഎസിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറച്ചു. മേയ് മാസത്തിൽ യുഎസിൽ നിന്ന് 2,52,000 ബാരൽ പ്രതിദിനം വാങ്ങിയിരുന്നത് ജൂണിൽ 91,000 ബാരലായി കുത്തനെ ഇടിഞ്ഞു.അതേസമയം,ഗൾഫ് മേഖലയിലെ പ്രതിസന്ധികൾക്കിടയിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ത്യയുടെ പ്രധാന വിശ്വസ്ത പങ്കാളിയായി തുടരുന്നു. ഹോർമുസ് കടലിടുക്ക് വഴിയല്ലാതെ എണ്ണ പുറത്തെത്തിക്കാൻ സഹായിക്കുന്ന അബുദാബി ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ ഉള്ളതിനാൽ യുഎഇയിൽ നിന്നുള്ള വിതരണം തടസ്സമില്ലാതെ നടന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ഇറാഖിൽ നിന്നുള്ള വിതരണം വലിയ രീതിയിൽ തടസ്സപ്പെട്ടതോടെ പകരമായി വെനിസ്വേല, കസാഖ്സ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യ എന്ന വാങ്ങാൻ ആരംഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.










Feedback and suggestions