പാകിസ്താനിൽ സുരക്ഷാ സേനയ്ക്ക് നേരെ വൻ ചാവേറാക്രമണം; 12 സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു


24, July, 2026
Updated on 24, July, 2026 2



ഇസ്ലാമാബാദ് : പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയായ ഖൈബർ പഖ്തുൺഖ്വയിൽ സൈനിക പരിശോധനാ കേന്ദ്രത്തിന് നേരെയുണ്ടായ കടുത്ത ചാവേറാക്രമണത്തിൽ 12 സൈനികർ ഉൾപ്പെടെ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ടാങ്ക് ജില്ലയിലെ സുരക്ഷാ ചെക്ക്‌പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് ഭീകരർ വൻ സ്ഫോടനം നടത്തിയത്. ആക്രമണത്തിൽ 12 സൈനികരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടതെന്ന് പാകിസ്താൻ സൈന്യത്തിന്റെ ഔദ്യോഗിക മാധ്യമവിഭാഗം സ്ഥിരീകരിച്ചു. സ്ഫോടനത്തിന് പിന്നാലെ ഭീകരർ ചെക്ക്‌പോസ്റ്റിന് നേരെ കനത്ത വെടിവെപ്പും നടത്തി.


അതിർത്തി പ്രദേശത്ത് അരങ്ങേറിയ ഈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകര സംഘടനയായ തെഹ്‌രീക് താലിബാൻ പാകിസ്താൻ (ടിടിപി) ഏറ്റെടുത്തു. നാല് ചാവേറുകൾ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ടിടിപി അവകാശപ്പെട്ടു. അതേസമയം, സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിൽ 12 പേരെ വധിച്ചതായി പാകിസ്താൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. വൻ സ്ഫോടനത്തെ തുടർന്ന് ചെക്ക്‌പോസ്റ്റ് പൂർണ്ണമായും തകരുകയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം തുടരുകയും ചെയ്യുകയാണ്. പരിക്കേറ്റ 20-ഓളം ഉദ്യോഗസ്ഥരെ അടുത്തുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സമീപകാലത്തായി ടിടിപി ഭീകരർ നടത്തുന്ന ആക്രമണങ്ങൾ പാകിസ്താൻ സർക്കാരിന് കനത്ത ആശങ്ക ഉയർത്തുന്നുണ്ട്. അഫ്ഗാൻ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന ടിടിപി കേന്ദ്രങ്ങൾക്ക് താലിബാൻ ഭരണകൂടം അഭയം നൽകുന്നുവെന്ന് പാകിസ്താൻ ആരോപിച്ചെങ്കിലും അഫ്ഗാനിസ്ഥാൻ ഈ വാദം തള്ളിക്കളഞ്ഞു. ചാവേറാക്രമണത്തെ തുടർന്ന് മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ച് മറ്റ് ഭീകരർക്കായി സൈന്യം വിപുലമായ തിരച്ചിൽ തുടരുകയാണ്.




Feedback and suggestions