23, July, 2026
Updated on 23, July, 2026 5
ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകരും നിഹംഗ് സിഖുകാരും തമ്മിൽ വാക്കേറ്റവും കൈയങ്കളിയും ഉണ്ടായതിനെ തുടർന്ന് വൻ സംഘർഷാവസ്ഥ. നീറ്റ് പരീക്ഷ ചോർച്ചയുമായും മറ്റ് വിദ്യാഭ്യാസ ക്രമക്കേടുകളുമായും ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രവർത്തകർ നടത്തിവരുന്ന പ്രക്ഷോഭത്തിനിടയിലാണ് അപ്രതീക്ഷിതമായി നിഹംഗ് സിഖുകാരുമായി ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഡൽഹി പോലീസ് ഉടൻ തന്നെ ഇടപെട്ട് ഇരുവിഭാഗങ്ങളെയും തമ്മിൽ വേർതിരിച്ചു മാറ്റി സാഹചര്യം പൂർണ്ണമായി നിയന്ത്രണവിധേയമാക്കി. സംഘർഷത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
പ്രക്ഷോഭം വൻതോതിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ ശക്തമായ പരിഹാസങ്ങളും വിമർശനങ്ങളുമായി സിജെപി രംഗത്തെത്തി. തെരുവുകളിലെ നേരിട്ടുള്ള പോരാട്ടത്തിന് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാമിലും എക്സിലും മീമുകളും പാട്ടുകളും ട്രെൻഡിംഗ് വീഡിയോകളും ഉപയോഗിച്ച് പുതിയ തലമുറയുടെ ശൈലിയിലാണ് കേന്ദ്ര സർക്കാരിനെതിരെയുള്ള ഡിജിറ്റൽ പ്രചാരണങ്ങൾ കൊഴുക്കുന്നത്. അതേസമയം ഡൽഹിയിൽ, ജന്തർ മന്തറിലും പരിസര പ്രദേശങ്ങളിലും സുരക്ഷ മുൻനിർത്തി ചന്ദേവാലാൻ ഉൾപ്പെടെ പതിനേഴോളം മെട്രോ സ്റ്റേഷനുകൾ താത്കാലികമായി അടച്ചിടുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.