ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ് ; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ് ഭരണകൂടം


24, July, 2026
Updated on 24, July, 2026 1




വാഷിംഗ്ടൺ : ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്തി യുഎസ്. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക ഇറക്കുമതി തീരുവയാണ് ചുമത്തിയിരിക്കുന്നത്. രാജ്യത്ത് നിർബന്ധിത തൊഴിൽ ചൂഷണം വഴി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ വിപണനം തടയുന്നതിനും അവയുടെ ഇറക്കുമതി നിരോധിക്കുന്നതിനും തൃപ്തികരമായ നടപടികൾ സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം പുതിയ നികുതി പ്രഖ്യാപിച്ചത്. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് അംബാസഡർ ജാമീസൺ ഗ്രീറാണ് വെള്ളി മുതൽ നിലവിൽ വരുന്ന തരത്തിൽ 1974-ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരം ഉത്തരവിറക്കിയത്. ഇന്ത്യ ഉൾപ്പെടെ 60 സമ്പദ്‌വ്യവസ്ഥകൾക്കെതിരെയുണ്ടായ അന്വേഷണത്തെ തുടർന്ന് 10 ശതമാനം മുതൽ 12.5 ശതമാനം വരെ വ്യത്യസ്ത സ്ലാബുകളിലാണ് യുഎസ് പുതിയ തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. 


ഇന്ത്യയെ കൂടാതെ യുകെ, കാനഡ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങി 17 രാജ്യങ്ങൾക്ക് 10 ശതമാനം തീരുവയും ചൈന, ജപ്പാൻ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവ ഉൾപ്പെടുന്ന 43 രാജ്യങ്ങൾക്ക് 12.5 ശതമാനം തീരുവയുമാണ് ചുമത്തിയിരിക്കുന്നത്. തുടക്കത്തിൽ ഇന്ത്യയ്ക്ക് 12.5 ശതമാനം വരെ ഉയർന്ന നികുതി ചുമത്താനായിരുന്നു അമേരിക്കയുടെ പദ്ധതി. എന്നാൽ ജൂൺ 14-ന് ഇന്ത്യ സ്വന്തം വിദേശവ്യാപാര നയത്തിൽ നിർണ്ണായക ഭേദഗതി വരുത്തുകയും നിർബന്ധിത തൊഴിൽ ചൂഷണത്തിലൂടെ ഉണ്ടാക്കുന്ന വസ്തുക്കളുടെ ഇറക്കുമതി രാജ്യത്ത് പൂർണ്ണമായി നിരോധിക്കുകയും ചെയ്തു. ഇന്ത്യയുടെ ഭരണഘടന തന്നെ ഇത്തരം ചൂഷണങ്ങളെ വിരുദ്ധമായി കാണുന്നുവെന്ന് വിദേശകാര്യ മന്ത്രാലയവും വ്യാപാര പ്രതിനിധികളും യുഎസിനെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ത്യയെ 12.5 ശതമാനത്തിൽ നിന്നും താഴ്ന്ന സ്ലാബായ 10 ശതമാനത്തിലേക്ക് മാറ്റിയത്.


അമേരിക്കയുടെ ഏകപക്ഷീയമായ ഈ നടപടിയെ ശക്തമായ ഭാഷയിലാണ് ഇന്ത്യയും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും എതിർത്തത്. അമേരിക്കയുടെ ആരോപണങ്ങളിൽ യാതൊരുവിധ തെളിവുകളുമില്ലെന്നും ആഗോള വ്യാപാര തടസ്സങ്ങൾ നിലനിർത്താനുള്ള നിയമപരമായ മുൻവിധിയോടെയുള്ള നീക്കമാണിതെന്നും തിങ്ക് ടാങ്ക് സംഘടനയായ ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) ചൂണ്ടിക്കാട്ടി. നിർബന്ധിത തൊഴിൽ വിഷയത്തിലെ അമേരിക്കൻ സമീപനം പരസ്പരവിരുദ്ധമാണെന്നും രണ്ട് രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഇരുഭരണകൂട വ്യാപാര ചർച്ചകളിലൂടെ വേണം ഇത്തരം തർക്കങ്ങൾ പരിഹരിക്കാനെന്നും ഇന്ത്യ പ്രതികരിച്ചു. യുഎസ് തീരുമാനം ആഗോള തലത്തിൽ വ്യാപാര യുദ്ധത്തിന് വഴിവെക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയപ്പോൾ, യുഎസ് നീക്കം നിർഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് ജപ്പാൻ, ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും വ്യക്തമാക്കി.




Feedback and suggestions