24, July, 2026
Updated on 24, July, 2026 2
വാഷിങ്ടണ്‍: യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 60 രാജ്യങ്ങള്‍ക്കെതിരെ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ്. ട്രേഡ് റിപ്പ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീറിന്റെ ഓഫീസ് വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാ്ണ് പുതിയ ടാരിഫ് നിരക്കുകള്‍ വ്യക്തമാക്കിയത്.ഫോഴസ്ഡ് ലേബേഴ്‌സിനെ ഉപയോഗിച്ച് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിനാണ് 10 ശതമാനം മുതല്‍ 12.5 ശതമാനം വരെ പുതിയ താരിഫ് ഏര്‍പ്പെടുത്തുന്നതെന്ന് ഗ്രീര്‍ അറിയിച്ചു.വെള്ളിയാഴ്ച മുതല്‍ പുതിയ താരിഫ് പ്രാബല്യത്തില്‍ വരും. ട്രംപ് നേരത്തെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ഈ വര്‍ഷം ആദ്യം യു.എസ്. സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് പുതിയ നടപടി. സുപ്രീം കോടതി വിധിക്ക് പിന്നാലെ താല്‍ക്കാലികമായി നടപ്പാക്കിയിരുന്ന 10 ശതമാനം ആഗോള താരിഫിന്റെ കാലാവധി അവസാനിക്കുന്ന ദിവസമാണ് പുതിയ നിരക്കുകളും നിലവില്‍ വരുന്നത്.പുതിയ പ്രഖ്യാപനപ്രകാരം ഇന്ത്യ ഉള്‍പ്പെടെ 17 രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫാണ് ബാധകമാകുക. അര്‍ജന്റീന, ബംഗ്ലാദേശ്, കംബോഡിയ, കാനഡ, ഇക്വഡോര്‍, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, ജോര്‍ദാന്‍, മലേഷ്യ, മെക്‌സിക്കോ, പാകിസ്ഥാന്‍, ശ്രീലങ്ക, യുണൈറ്റഡ് കിംഗ്ഡം, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നിവയാണ് ഈ പട്ടികയിലുള്ള രാജ്യങ്ങള്‍.യൂറോപ്യന്‍ യൂണിയനില്‍ നിന്നും തായ്വാനില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം താരിഫ് ബാധകമായിരിക്കും.അള്‍ജീരിയ, അങ്കോള, ഓസ്‌ട്രേലിയ, ബഹാമാസ്, ബഹ്‌റൈന്‍, ബ്രസീല്‍, ചിലി, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഈജിപ്ത്, ഗയാന, ഹോങ്കോംഗ്, ഇറാഖ്, ഇസ്രായേല്‍, ജപ്പാന്‍, കസാക്കിസ്ഥാന്‍, കുവൈത്ത്, ലിബിയ, മൊറോക്കോ, ന്യൂസിലന്‍ഡ്, നിക്കരാഗ്വ, നൈജീരിയ, നോര്‍വേ, ഒമാന്‍, പെറു, ഫിലിപ്പീന്‍സ്, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്ലന്‍ഡ്, തുര്‍ക്കിയെ, യുഎഇ, ഉറുഗ്വേ, വെനസ്വേല, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് 12.5 ശതമാനം തീരുവയാണ്.താരിഫ് മൂലമുള്ള അധിക ചെലവ് സാധാരണയായി ഇറക്കുമതിക്കാര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചാണ് ഉപഭോക്താക്കളിലേക്ക് കൈമാറുന്നത്. അതിനാല്‍ പുതിയതാരിഫ് അമേരിക്കയില്‍ വിവിധ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില വീണ്ടും ഉയരാന്‍ ഇടയാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാനുമായുള്ള യുദ്ധത്തെ തുടര്‍ന്നുണ്ടായ പണപ്പെരുപ്പ സമ്മര്‍ദ്ദത്തിനിടെയാണ് പുതിയ നടപടി.1974-ലെ ട്രേഡ് ആക്റ്റിലെ സെക്ഷന്‍ 301 പ്രകാരമാണ് പുതിയ താരിഫ് പ്രഖ്യാപിച്ചത്. അമേരിക്കയുടെ വ്യാപാര താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍ക്കെതിരേ താരിഫ് ഏര്‍പ്പെടുത്താന്‍ ഈ നിയമം അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ട്.ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിലും വിവിധ രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച കാനഡയില്‍ നിന്നുള്ള ഹോക്കി സ്റ്റിക്കുകളും വൈനും ഉള്‍പ്പെടെയുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച ജനറിക് മരുന്ന് നിര്‍മാതാക്കള്‍ക്ക് 2028 മുതല്‍ പ്രാബല്യത്തില്‍ വരുന്ന 100 ശതമാനം താരിഫും പ്രഖ്യാപിച്ചു. ബുധനാഴ്ച ബ്രസീലില്‍ നിന്നുള്ള വസ്ത്രങ്ങളും കാര്‍ഷിക യന്ത്രങ്ങളും ഉള്‍പ്പെടെയുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫും നിലവില്‍ വന്നു.