എല്ലാ ഉദ്യോഗസ്ഥരെയും ലീവ് ക്യാൻസൽ ചെയ്ത് തിരികെ വിളിച്ച് ഡൽഹി പോലീസ് ; ട്രെയിനിങ് പ്രോഗ്രാമുകളും നിർത്തിവച്ചു ; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം


24, July, 2026
Updated on 24, July, 2026 2



ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെയും (സിജെപി) ചില വിദ്യാർത്ഥി സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് കടന്ന സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ഡൽഹി പോലീസ് ആസ്ഥാനത്ത് നിന്ന് വ്യാഴാഴ്ച പുറപ്പെടുവിച്ച അടിയന്തര ഉത്തരവനുസരിച്ച്, ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ (ഡിസിപി), ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്ആർആർഒ), ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെ കാഷ്വൽ, ഈൺഡ് ലീവുകൾ ഉൾപ്പെടെയുള്ള എല്ലാ പതിവ് അവധികളും അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കി. പോലീസുകാരുടെ മുൻകൂട്ടി നിശ്ചയിച്ച ട്രെയിനിംഗ് പ്രോഗ്രാമുകളും നിർത്തിവെച്ചിട്ടുണ്ട്. തികച്ചും അടിയന്തര സ്വഭാവമുള്ള ആരോഗ്യ ആവശ്യങ്ങൾക്ക് മാത്രമേ ഇനി മേലധികാരികളുടെ പ്രത്യേക അനുമതിയോടെ അവധി അനുവദിക്കൂ എന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി.കഴിഞ്ഞ ജൂലൈ 20-ന് സിജെപിയുടെ നേതൃത്വത്തിൽ നടന്ന 'സംസദ് ചലോ' മാർച്ചിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നിരുന്നു. സംഭവത്തിൽ നൂറിലധികം പോലീസുകാർക്കും പ്രതിഷേധക്കാർക്കും പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. നിലവിൽ 10 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കുന്ന പോലീസ്, എഐ ക്യാമറകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണ്. ഇതിനകം ഇരുനൂറിലധികം പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. വീണ്ടും വൻതോതിൽ പ്രക്ഷോഭകർ തലസ്ഥാനത്തേക്ക് എത്തുന്നത് തടയാനും ജന്തർ മന്തർ, പാർലമെന്റ് സ്ട്രീറ്റ്, കനോട്ട് പ്ലേസ് മേഖലകളിൽ വൻ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാനും നഗരത്തിന്റെ എല്ലാ അതിർത്തികളിലും പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (ആർഎഎഫ്) വൻ ബാരിക്കേഡുകൾ തീർത്ത് കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്.






Feedback and suggestions