ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല; ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപനവുമായി ട്രംപ്; 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ടിനെ ചൊല്ലി ആശയക്കുഴപ്പം


16, June, 2026
Updated on 16, June, 2026 63




100 ദിവസത്തിലേറെ നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ പരസ്യമായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്" എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു.


എന്നാൽ, ഈ കരാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന സാമ്പത്തിക കണക്കുകളെ ട്രംപ് പൂർണ്ണമായി തള്ളിപ്പറഞ്ഞു. അമേരിക്ക ഇറാനു 300 മില്യൺ ഡോളർ നൽകുന്നു എന്ന വാർത്ത വ്യാജമാണെന്നും ഇത് ഡെമോക്രാറ്റുകൾ ചമച്ചതാണെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. എന്നാൽ ട്രംപ് തള്ളിക്കളഞ്ഞ കണക്കുകളിലല്ല, മറിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഭരണകൂടം മണിക്കൂറുകൾക്ക് മുൻപ് സ്ഥിരീകരിച്ച വിവരങ്ങളിലാണ് യഥാർത്ഥ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത്.


ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പ്രകാരം, ആണവ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ ഇറാൻ തയ്യാറാകുകയാണെങ്കിൽ അവർക്കായി 300 ബില്യൺ ഡോളറിന്റെ (ഏകദേശം 300,000 മില്യൺ) ഒരു അന്താരാഷ്ട്ര നിക്ഷേപ ഫണ്ട് രൂപീകരിക്കാൻ ട്രംപ് ഭരണകൂടം തയ്യാറാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധത്തിൽ തകർന്ന രാജ്യം പുനർനിർമ്മിക്കുന്നതിനും ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിനുമുള്ള ചർച്ചകളുടെ ഭാഗമായാണ് ഈ ഭീമൻ ഫണ്ട് വിഭാവനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ജനീവയിൽ നടക്കുന്ന ചടങ്ങിൽ ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവെക്കും.


ഈ 300 ബില്യൺ ഡോളർ എന്നത് അമേരിക്കൻ ഗവൺമെന്റ് ട്രഷറിയിൽ നിന്നും ഇറാനു നേരിട്ട് നൽകുന്ന നഷ്ടപരിഹാരമല്ല. ഊർജ്ജ സ്രോതസ്സുകളാൽ സമ്പന്നമായ ഇറാനിൽ നിക്ഷേപം ഇറക്കാൻ താല്പര്യമുള്ള സ്വകാര്യ കമ്പനികളിൽ നിന്നാണ് ഈ തുക സമാഹരിക്കുക.

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന് നേരിട്ട് പണം നൽകി അവരെ സഹായിക്കുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാൻ ട്രംപ് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ 'നഷ്ടപരിഹാരം' എന്ന വാക്കിന് പകരം 'അന്താരാഷ്ട്ര നിക്ഷേപ ഫണ്ട്' എന്ന പേരാണ് അമേരിക്ക മനഃപൂർവ്വം ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.


ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് മണിക്കൂറുകൾക്ക് മുൻപ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഈ 300 ബില്യൺ ഡോളറിന്റെ പുനർനിർമ്മാണ ഫണ്ടിനെക്കുറിച്ച് സ്ഥിരീകരിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയുടെ സഹായത്തോടെയായിരിക്കും ഈ ഫണ്ട് രൂപീകരിക്കുകയെന്നും ഇറാൻ കരാറുകൾ കൃത്യമായി പാലിച്ചാൽ മാത്രമേ ഈ തുക ലഭ്യമാകൂ എന്നും വാൻസ് വ്യക്തമാക്കിയിരുന്നു.


കൗതുകകരമായ വസ്തുത, ഈ നിക്ഷേപ ഫണ്ട് എന്ന ആശയം മുന്നോട്ട് വെച്ചത് ഇറാനല്ല. ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകനുമായ ജാരെദ് കുഷ്‌നറും ചേർന്നാണ് ടെഹ്‌റാനിൽ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ഈ ആശയം കൊണ്ടുവന്നത്.


പാകിസ്താനും ഖത്തറും മധ്യസ്ഥത വഹിച്ച് 107 ദിവസത്തെ യുദ്ധത്തിന് ശേഷമാണ് ഈ താല്ക്കാലിക സമാധാന കരാർ രൂപീകരിച്ചത്. നിലവിലുള്ള വെടിനിർത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടും എന്നതാണ് കരാറിലെ ഏറ്റവും പ്രധാന കാര്യം. ഇത് കൂടാതെ തടസ്സപ്പെട്ടു കിടക്കുന്ന ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി വീണ്ടും തുറന്നുകൊടുക്കും. ആണവ നിർവ്യാപന കരാർ പ്രകാരം ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കും. ഇറാൻ സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരം എങ്ങനെ കൈകാര്യം ചെയ്യണം എന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ വരും ദിവസങ്ങളിലെ ചർച്ചകളിൽ തീരുമാനിക്കും.




Feedback and suggestions