ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 689 ആയി ഉയർന്നതായും 139 മരണങ്ങൾ സംഭവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. വ്യാഴാഴ്ച മാത്രം പുതുതായി 17 കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കിഴക്കൻ പ്രവിശ്യകളായ ഇറ്റൂരി, നോർത്ത് കിവു, സൗത്ത് കിവു എന്നിവിടങ്ങളിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. ഇതിനുപുറമേ രോഗലക്ഷണങ്ങളോടെ 168 സംശയകരമായ കേസുകളും 64 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക ചികിത്സയോ കൃത്യമായ വാക്സിനോ നിലവിലില്ലാത്ത, എബോളയുടെ അപൂർവ വകഭേദമായ ‘ബൂൻഡി ബുഗ്യോ’ ആണ് കോംഗോയിലെ ഇപ്പോഴത്തെ കൂട്ട മരണങ്ങൾക്ക് പിന്നിലെന്ന് ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എബോള വൈറസിന്റെ ആകെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്.
ചികിത്സാ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, പ്രതിരോധ സാമഗ്രികളുടെ ലഭ്യതക്കുറവ്, ആവശ്യത്തിന് ധനസഹായം ലഭിക്കാത്തത് എന്നിവ കോംഗോയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കോംഗോയെ ബാധിക്കുന്ന പതിനേഴാമത്തെ എബോള രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉണ്ടായ വ്യാപനത്തിൽ 34 പേരും, 2018-2020 കാലഘട്ടത്തിലുണ്ടായ കടുത്ത രോഗബാധയിൽ 2300-ഓളം പേരും കോംഗോയിൽ മരണപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ എബോള വ്യാപനം നടക്കുന്നത് 2014-2016 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലാണ്. അന്ന് 28,600-ലധികം ആളുകളെയാണ് രോഗം പിടികൂടിയത്. ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര സമൂഹവും അതീവ ഗൗരവത്തോടെയാണ് നിലവിലെ ആഫ്രിക്കൻ സാഹചര്യത്തെ വീക്ഷിക്കുന്നത്.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് രോഗം, ബാധിതരുടെ രക്തം, വിസർജ്യങ്ങൾ, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് പ്രധാനമായും സമ്പർക്കത്തിൽ വരുന്നവരിലേക്ക് പകരുന്നത്. കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ എന്നിവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയും രോഗം പടരാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനകം പനി, തലവേദന, പേശിവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. സാധാരണക്കാരിൽ ഇത് ദിവസങ്ങൾക്കുള്ളിൽ ഭേദമാകുമെങ്കിലും, കരൾ രോഗമുള്ളവർ, പോഷകാഹാരക്കുറവുള്ളവർ, മദ്യപാനികൾ എന്നിവരിൽ ഇത് ആന്തരിക രക്തസ്രാവത്തിനും അവയവങ്ങളുടെ തകരാറിനും മരണത്തിനും കാരണമാകും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്ക് സമാനമായി എൻഎസ്എഐഡി വിഭാഗത്തിൽപ്പെട്ട വേദനസംഹാരികൾ ഉപയോഗിക്കുന്നത് രോഗാവസ്ഥ കൂടുതൽ ഗുരുതരമാക്കുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.