13, June, 2026
Updated on 13, June, 2026 0
ന്യൂഡൽഹി : ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേഥിനെ നിയമിച്ച് കേന്ദ്രസർക്കാർ. നിലവിൽ കരസേനയുടെ വൈസ് ചീഫ് ആയി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. ജൂൺ 30-ന് ഉച്ചയ്ക്ക് ശേഷം ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേഥ് പുതിയ ചീഫ് ആയി ചുമതലയേൽക്കും. 2028 ഓഗസ്റ്റ് 31 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.നാല് പതിറ്റാണ്ടോളം നീണ്ട സൈനിക സേവനത്തിനു ശേഷമാണ് ലെഫ്റ്റനന്റ് ജനറൽ ധീരജ് സേഥ് ഇന്ത്യൻ കരസേനയുടെ മേധാവിയാകുന്നത്. ഇന്ത്യൻ ആർമിയുടെ രണ്ട് പ്രധാന ഓപ്പറേഷണൽ കമാൻഡുകളുടെ (സൗത്ത് വെസ്റ്റേൺ കമാൻഡ്, സതേൺ കമാൻഡ്) തലവനായി പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളാണ് അദ്ദേഹം. രണ്ടര വർഷത്തിലധികം ഈ പദവികളിൽ ഇരുന്ന് പടിഞ്ഞാറൻ അതിർത്തികളിൽ തന്ത്രപരമായ മേൽനോട്ടം വഹിച്ചു. ഇന്ത്യൻ കരസേനയെ അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് നയിക്കുന്നതിൽ ധീരജ് സേഥിന്റെ പങ്ക് വലുതാണ്. ആർമി ആസ്ഥാനത്തെ സ്ട്രാറ്റജിക് പ്ലാനിംഗ്, ക്യാപബിലിറ്റി ഡെവലപ്മെന്റ് എന്നീ വിഭാഗങ്ങളിൽ അദ്ദേഹം പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.പുനെ ഖദക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമി , ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവടങ്ങളിലെ പഠനത്തിന് ശേഷം പ്രതിരോധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ടാണ് അദ്ദേഹം സേനയിൽ എത്തിയത്. പാരീസിലെ പ്രശസ്തമായ 'കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്സ്', അമേരിക്കയിലെ 'ഇന്റർനാഷണൽ ഡിഫൻസ് അക്വിസിഷൻ മാനേജ്മെന്റ് കോഴ്സ്' എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്. 1986 ഡിസംബറിൽ ഇന്ത്യൻ ആർമിയുടെ 'ആർമേർഡ് കോർപ്സിൽ' (2nd Lancers) ആണ് ആദ്യമായി കമ്മീഷൻ ചെയ്യപ്പെട്ടത്. രാജ്യത്തിന് നൽകിയ മികച്ച സേവനങ്ങൾ മുൻനിർത്തി പരമ വിശിഷ്ട സേവാ മെഡൽ , ഉത്തം യുദ്ധ് സേവാ മെഡൽ , അതി വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.