13, June, 2026
Updated on 13, June, 2026 2
ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനവും പുതിയ ഇടത്തരം ദൂര നാവിക വിരുദ്ധ മിസൈലും ഉൾപ്പെടെയുള്ള നിർണായക മിസൈൽ സാങ്കേതിക വിദ്യകൾ വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഈ പരീക്ഷണത്തോടെ തങ്ങളുടെ തന്ത്രപ്രധാനമായ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ വലിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.
ശത്രുക്കളുടെ വിവിധ തരത്തിലുള്ള ഭീഷണികളെ ഒരേസമയം നേരിടാനുള്ള ഇന്ത്യയുടെ ശേഷി തെളിയിക്കുന്നതായിരുന്നു ഡിആർഡിഒ വിജയകരമായി നടത്തിയ തുടർച്ചയായ മൂന്നു ഫ്ലൈറ്റ് ടെസ്റ്റുകളെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. വർദ്ധിച്ച് വരുന്ന മിസൈൽ ഭീഷണികളെ നേരിടാൻ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് സിസ്റ്റങ്ങൾ വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.ശത്രുക്കളുടെ വിവിധ തരം ഭീഷണികൾക്കെതിരെ രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന ഒന്നിലധികം നിർണായക സാങ്കേതികവിദ്യകൾ ഡിആർഡിഒ വിജയകരമായി പ്രദർശിപ്പിച്ചു. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾക്കെതിരെയും മീഡിയം റേഞ്ചിലെ ആന്റി-ഷിപ്പ് ശേഷിക്കെതിരെയും മൾട്ടി-ലെയേർഡ് പ്രതിരോധം പ്രകടിപ്പിക്കുന്നതിന് തുടർച്ചയായി മൂന്നു ഫ്ലൈറ്റ് പരീക്ഷണങ്ങൾ വിജയകരമായി നടത്തി," രാജ്‌നാഥ് സിംഗ് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.വ്യത്യസ്ത ഉയരങ്ങളിലും പരിധികളിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്രതിരോധ സംവിധാനത്തിലൂടെ, രാജ്യത്തേക്ക് കടന്ന് വരുന്ന ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും അവയെ അന്തരീക്ഷത്തിൽ വച്ച് തന്നെ തകർക്കാനുമുള്ള ഇന്ത്യയുടെ ശേഷിയാണ് ഈ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടത്. ഇത്തരം ഒരു സംവിധാനം ശത്രുക്കളുടെ മിസൈലുകൾ നമ്മുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്ന തരത്തിലായിരിക്കും.ഈ പരീക്ഷണങ്ങളോടെ, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചമുള്ള ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം പിടിച്ചിരിക്കുകയാണെന്ന് രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. ആധുനിക സംഘർഷങ്ങളിൽ പരമ്പരാഗതവും ആണവ പേലോഡുകളും വഹിക്കാൻ കഴിവുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ കൂടുതലായി ഉൾപ്പെടുന്നതിനാൽ ഈ കഴിവ് തന്ത്രപരമായി പ്രധാനമാണ്.ഈ പുതിയ സംവിധാനം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയുടെ സമുദ്ര സുരക്ഷയും പ്രതിരോധ ശേഷിയും കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിരോധ മേഖലയിലെ ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടാനുള്ള സർക്കാരിന്റെ 'ആത്മനിർഭർ ഭാരത്' പദ്ധതിക്ക് കരുത്തുപകരുന്നതാണ് ഈ മുന്നേറ്റം. വിദേശ സൈനിക സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഫലം കൂടിയാണിത്.