ഇന്ത്യൻ ആയുധങ്ങൾ കൊണ്ട് ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല, യൂറോപ്പിന് അത് പറയാനാകുമോ?"; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ . റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ വിമർശിച്ച പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ അന്താരാഷ്ട്ര വേദിയിൽ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ഫിൻലാൻഡ് സന്ദർശനത്തിനിടെ വ്യാഴാഴ്ച മാധ്യമപ്രവർത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യവും ശക്തവുമായ മറുപടി നൽകിക്കൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.വിപണിയിലെ വിലയും ലഭ്യതയും നോക്കിയാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്നും, യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടുകളാണ് ഇന്ത്യയെ ഇതിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പരമ്പരാഗത എണ്ണ വിതരണക്കാരായിരുന്ന മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ മുഴുവൻ യൂറോപ്യൻ രാജ്യങ്ങൾ വാങ്ങി കൂട്ടാൻ തുടങ്ങിയതോടെയാണ് ഇന്ത്യയ്ക്ക് റഷ്യയെ ആശ്രയിക്കേണ്ടി വന്നതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.യൂറോപ്പ് വിൽക്കുന്ന ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയെ ആക്രമിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന കടുത്ത യാഥാർത്ഥ്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യക്കാർ ഒരിക്കലും യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ അധിനിവേശത്തിന് ശേഷം ഇന്ത്യ എണ്ണ വാങ്ങാൻ തുടങ്ങിയത് സ്വന്തം താല്പര്യം കൊണ്ട് മാത്രമല്ല, മറിച്ച് അമേരിക്കയുടെ കൂടി അഭ്യർത്ഥന മാനിച്ചാണെന്ന ഞെട്ടിക്കുന്ന വിവരവും ജയശങ്കർ വെളിപ്പെടുത്തി. 2022-ൽ യൂറോപ്പ് റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാനും വിപണി സ്ഥിരപ്പെടുത്താനും അമേരിക്ക തന്നെയാണ് ഇന്ത്യയോട് റഷ്യൻ എണ്ണ വാങ്ങാൻ നേരിട്ട് ആവശ്യപ്പെട്ടത്.റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധത്തിൽ അമേരിക്ക പുലർത്തുന്ന പരസ്പരവിരുദ്ധമായ നയങ്ങളെ വിമർശിച്ച ജയശങ്കർ, ഈ വിഷയത്തിന് അനാവശ്യമായ ധാർമ്മിക പരിവേഷം നൽകരുതെന്നും പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.വിപണിയിലെ വിലയും എണ്ണയുടെ ലഭ്യതയും മാത്രമാണ് ഇന്ത്യ നോക്കിയത്. യൂറോപ്പിന്റെ ആവശ്യങ്ങൾ കാരണം വിപണിയിലുണ്ടായ മാറ്റങ്ങളാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. ആഗോള വിഷയങ്ങളിൽ യൂറോപ്പ് പുലർത്തുന്ന ഇരട്ടത്താപ്പിനെതിരെ ജയശങ്കർ ശക്തമായി ആഞ്ഞടിച്ചു. "ഇന്ത്യൻ ആയുധങ്ങൾ ഉപയോഗിച്ച് ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യം എപ്പോഴെങ്കിലും ആക്രമിക്കപ്പെട്ടിട്ടുണ്ടോ? എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ യൂറോപ്പിന് അങ്ങനെ പറയാൻ സാധിക്കുമോ?" എന്ന് അദ്ദേഹം ചോദിച്ചു.