ഇന്ധനവില കുറയും; ഹോർമുസ് അടഞ്ഞാലും ഇന്ത്യ സുരക്ഷിതം; 60 ദിവസത്തെ കരുതൽ ശേഖരമുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി


8, June, 2026
Updated on 8, June, 2026 1




മധ്യപൂർവ്വേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും ഇന്ത്യയിൽ ഒരിടത്തും ഇന്ധനക്ഷാമം ഉണ്ടാകില്ലെന്നും രാജ്യം ഇപ്പോഴും എണ്ണ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. എണ്ണവില ദീർഘകാലം ഇത്രയും ഉയർന്ന നിരക്കിൽ തുടരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും മോശം അവസ്ഥയുണ്ടായാൽ പോലും ഇന്ത്യ സേഫ് ആണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.


ഹോർമുസ് കടലിടുക്ക് അടച്ചിട്ടാൽ എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇതായിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ തന്ത്രപ്രധാന പെട്രോളിയം ശേഖരവും, റിഫൈനറി ഇൻവെന്ററികളും, വാണിജ്യ സ്റ്റോക്കുകളും രാജ്യത്തുണ്ട്. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടന്നാൽ പോലും 30 മുതൽ 60 ദിവസത്തേക്ക് വരെ ഇന്ത്യയ്ക്ക് പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാനുള്ള ഇന്ധന ബാക്കപ്പ് ഉണ്ട്. "എന്റെ കംഫർട്ട് പോയിന്റ് 60-60-60 ആണ്. അതായത് 60 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ, നാച്ചുറൽ ഗ്യാസ്, എൽപിജി ശേഖരം. അത് ഇപ്പോൾ ഇന്ത്യയ്ക്കുണ്ട്," മന്ത്രി വ്യക്തമാക്കി.


ഗൾഫ് മേഖലയ്ക്ക് പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ധനം എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. മൊസാംബിക്കിൽ നിന്നുള്ള അധിക ഗ്യാസ് വിതരണം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ കൂടുതൽ ശക്തമാക്കും. ഇതിനൊപ്പം വെനിസ്വേലയിലെ ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം വർദ്ധിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. യുഎഇ യുദ്ധത്തിനിടയിലും ഇന്ത്യയെ സഹായിക്കുന്നതായി മന്ത്രി ഓർമ്മിപ്പിച്ചു. യുഎഇ അധികൃതരും എഡ്‌നോക് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവുമായ സുൽത്താൻ അൽ ജാബർ തന്നെ അർദ്ധരാത്രിയിൽ വിളിച്ച്, ഇന്ത്യയ്ക്ക് ആവശ്യമായ കൂടുതൽ എൽപിജി കാർഗോകൾ തയ്യാറാണെന്നും കപ്പലുകൾ അയക്കാനും ആവശ്യപ്പെട്ടതായി മന്ത്രി വെളിപ്പെടുത്തി.


ഇറാൻ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിലും ഹോർമുസ് കടലിടുക്ക് നീണ്ടനാൾ അടഞ്ഞുകിടക്കുന്നതിലും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. "ഇറാൻ യുദ്ധത്തിലെ ഏറ്റവും മോശം അവസ്ഥ എന്താണെന്ന് കഴിഞ്ഞ ദിവസം ഒരാൾ ചോദിച്ചിരുന്നു. ഈ പ്രതിസന്ധി വരാനിരിക്കുന്ന 2027 മാർച്ച് 31 വരെ നീണ്ടുപോയാൽ കളി മാറും. അത് ലോകത്തെ സമ്പൂർണ്ണ ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും," ഹർദീപ് സിംഗ് പുരി മുന്നറിയിപ്പ് നൽകി.




Feedback and suggestions