അമേരിക്കയുടെ മിസൈല്‍ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനം: രൂക്ഷവിമര്‍ശനവുമായി ഇറാന്‍


27, May, 2026
Updated on 27, May, 2026 33


ടെഹ്‌റാന്‍: അമേരിക്ക ഹോര്‍മൂസ് കടലിടുക്കിനു സമീപം ഇറാനു നേരെ നടത്തിയ മിസൈല്‍ ആക്രമണം നിലവിലുളള വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന അതിരൂക്ഷമായ വിമര്‍ശനവുമായി ഇറാന്‍.ഈ പുതിയ സൈനിക നീക്കം നിലവില്‍ മേഖലയില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിനെ പൂര്‍ണ്ണമായി തകര്‍ക്കുമെന്നും ആഗോള എണ്ണ വിതരണത്തെയും പശ്ചിമേഷ്യന്‍ സുസ്ഥിരതയെയും പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നു വരുന്ന സമാധാന ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.


ചൊവ്വാഴ്ച പുലര്‍ച്ചെ ഇറാന്റെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുണ്ടായ യുഎസ് വ്യോമാക്രമണം ഏകദേശം ഏഴ് ആഴ്ചയോളമായി നിലനില്‍ക്കുന്ന താല്ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ നഗ്‌നമായ ലംഘനമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യ്ക്തമാക്കി. ഈ മേഖലയില്‍ വലിയ രീതിയിലുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഈ സൈനിക നടപടി പൂര്‍ണ്ണമായും സ്വയംരക്ഷ മുന്‍നിര്‍ത്തിയുള്ളതാണെന്ന് വാഷിംഗ്ടണ്‍ വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ട് നാവിക മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ഇറാന്റെ മിസൈല്‍ നിലയങ്ങളെയും ബോട്ടുകളെയുമാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്നാണ് അമേരിക്കന്‍ നിലപാട്.

ഇപ്പോഴുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന് കൂടുതല്‍ ദിവസങ്ങള്‍ എടുത്തേക്കാമെന്ന് യുഎസ് വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.


നിലവില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രാഥമിക കരാര്‍ അനുസരിച്ച് മേഖലയിലെ യുദ്ധം താല്‍ക്കാലികമായി കുറയ്ക്കുന്നതിനും തടസ്സപ്പെട്ട കപ്പല്‍ ഗതാഗത പാതകള്‍ സുരക്ഷിതമായി വീണ്ടും തുറക്കുന്നതിനുമായി 30 ദിവസത്തെ ഒരു പ്രത്യേക ചട്ടക്കൂട് രൂപീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം ഇറാന്റെ ആണവ പദ്ധതി പോലെയുള്ള കൂടുതല്‍ സങ്കീര്‍ണ്ണമായ തര്‍ക്കവിഷയങ്ങള്‍ പിന്നീടുള്ള ചര്‍ച്ചകള്‍ക്കായി മാറ്റിവെക്കാനാണ് ധാരണ.എന്നാല്‍ ഈ കരാറിന്റെ ഭാഗമായി മുന്‍പ് അമേരിക്ക മരവിപ്പിച്ച തങ്ങളുടെ ഏകദേശം 24 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക ആസ്തികള്‍ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇറാനിയന്‍ ചര്‍ച്ചാ പ്രതിനിധികള്‍ ശക്തമായി ആവശ്യപ്പെടുന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




Feedback and suggestions