തന്ത്രപരമായ ചർച്ചകൾക്കായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിൽ; ഇന്ന് വൈകിട്ട് മോദിയുമായി കൂടിക്കാഴ്ച


23, May, 2026
Updated on 23, May, 2026 3


അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള റൂബിയോയുടെ ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണിത്. കൊൽക്കത്തയിൽ വിമാനമിറങ്ങിയ അദ്ദേഹം ഇന്ന് വൈകുന്നേരം ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുപ്രധാന കൂടിക്കാഴ്ച നടത്തും. ഏകദേശം 14 വർഷങ്ങൾക്ക് ശേഷമാണ് ഒരു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത നഗരം സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതിനുമുമ്പ് 2012 മേയിലാണ് ഹിലാരി ക്ലിന്റൺ കൊൽക്കത്തയിലെത്തിയിരുന്നത്.


ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ മുൻഗണനകൾ പുതുക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ വ്യാപാരം, സാങ്കേതികവിദ്യ, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുനേതാക്കളും ചർച്ച ചെയ്യും. പ്രത്യേകിച്ച് ഊർജ മേഖലയിലെ ചർച്ചകൾക്കാണ് ഈ കൂടിക്കാഴ്ചയിൽ മുൻതൂക്കം നൽകുന്നത്. എൽഎൻജി, ക്രൂഡ് ഓയിൽ കയറ്റുമതി എന്നിവയിലൂടെ ഇന്ത്യയുടെ എണ്ണ വിപണിയിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാൻ അമേരിക്ക ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.


മേയ് 26 വരെ ഇന്ത്യയിൽ തുടരുന്ന മാർക്കോ റൂബിയോ ഡൽഹി, കൊൽക്കത്ത എന്നിവയ്ക്ക് പുറമേ ആഗ്ര, ജയ്‌പൂർ എന്നീ നഗരങ്ങളും സന്ദർശിക്കും. കൊൽക്കത്തയിലെ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചേക്കുമെന്ന് അമേരിക്കൻ കോൺസുലേറ്റ് അറിയിച്ചു. സന്ദർശനത്തിന്റെ അവസാന ദിനമായ മേയ് 26-ന് ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അധ്യക്ഷത വഹിക്കുന്ന ഈ യോഗത്തിൽ ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത് ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.




Feedback and suggestions