23, May, 2026
Updated on 23, May, 2026 3
അമേരിക്കയില്‍ സ്ഥിരതാമസമാക്കാനും ഗ്രീന്‍ കാര്‍ഡ് നേടാനുമായി നിലവിലെ ഇമിഗ്രേഷന്‍ പദവി മാറ്റാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ ഇനി മുതല്‍ യു.എസില്‍ നിന്നും തിരിച്ചു സ്വന്തം രാജ്യത്തേക്ക് പോയി അവിടെ നിന്നു മാത്രമേ അപേക്ഷിക്കാവൂ എന്ന് യു.എസ് ഇമിഗ്രേഷന്‍ വിഭാഗം (യുഎസ്‌സിഎസ് ഐ) വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ നയരേഖയിലാണ് അധികൃതര്‍ ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ 60 വര്‍ഷത്തിലേറെയായി മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഗ്രീന്‍ കാര്‍ഡ് അപേക്ഷാ നടപടികളിലാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ വന്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ഈ പുതിയ നീക്കം ലക്ഷക്കണക്കിന് കുടിയേറ്റക്കാരെയും അവരുടെ കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സഹായ സംഘടനകള്‍, പോളിസി അനലിസ്റ്റുകള്‍, ഇമിഗ്രേഷന്‍ അഭിഭാഷകര്‍ എന്നിവരില്‍ നിന്ന് ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
അമേരിക്കയില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയും ഈ പുതിയ നയം ഗുരുതരമായി ബാധിക്കും. നിലവില്‍ എച്ച്-1ബി പോലെയുള്ള താല്‍ക്കാലിക വിസകളില്‍ യു.എസില്‍ തുടര്‍ന്നുകൊണ്ട് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍, അപേക്ഷാ നടപടികള്‍ക്കായി ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് നിലവില്‍ തന്നെ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ പതിറ്റാണ്ടുകളുടെ വലിയ കാത്തിരിപ്പ് കാലാവധിയുണ്ട്. ഈ സാഹചര്യത്തില്‍ യു.എസിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത് അവരുടെ കരിയറിനെയും കുടുംബജീവിതത്തെയും സങ്കീര്‍ണ്ണമാക്കും.
യു.എസ്.സി.ഐ.എസ് പുറത്തിറക്കിയ നയരേഖ പ്രകാരം, അപേക്ഷകര്‍ക്ക് പ്രത്യേക ഇളവുകള്‍ അനുവദിക്കണമോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഓരോ കേസിന്റെയും സാഹചര്യം പരിശോധിച്ച് തീരുമാനിക്കാന്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ താല്‍ക്കാലികമായി താമസിക്കുന്ന ഒരു വിദേശിക്ക് ഗ്രീന്‍ കാര്‍ഡ് വേണമെന്നുണ്ടെങ്കില്‍, അവര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോയി അവിടെ നിന്ന് അപേക്ഷിക്കണമെന്നാണ് യു.എസ്.സി.ഐ.എസിന്റെ മേല്‍നോട്ട ചുമതലയുള്ള യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വ്യക്തമാക്കുന്നത്. നിയമപരമായ വഴിയിലൂടെ അല്ലാതെ വ്യവസ്ഥകളിലെ പോരായ്മകള്‍ ചൂഷണം ചെയ്യുന്നത് തടയാനും ഇമിഗ്രേഷന്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാനും ഈ നയം സഹായിക്കുമെന്നാണ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ വാദം.
സാധാരണയായി രണ്ടു രീതിയിലാണ് ആളുകള്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കാറുള്ളത്. വിദേശത്തുള്ള യു.എസ് കോണ്‍സുലേറ്റ് വഴി അപേക്ഷിക്കുകയോ, അല്ലെങ്കില്‍ നിലവില്‍ യു.എസില്‍ തുടരുന്നവര്‍ അവിടെ വച്ചുതന്നെ ഇമിഗ്രേഷന്‍ പദവി മാറ്റാന്‍ അപേക്ഷിക്കുകയോ ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ, നിലവില്‍ യു.എസിലുള്ള പല ഗ്രീന്‍ കാര്‍ഡ് അപേക്ഷകരും അവരുടെ അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ രാജ്യം വിട്ടുപോകേണ്ടി വരും. കെയ്‌റ്റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ പത്തുലക്ഷത്തിലധികം കുടിയേറ്റക്കാരാണ് യു.എസില്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്.
പുതിയ ഉത്തരവ് രാജ്യത്തുടനീളമുള്ള സമ്മിശ്ര പദവിയിലുള്ള(മിക്‌സ്ഡ് സ്റ്റാറ്റസ്) കുടുംബങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. അപേക്ഷകര്‍ക്ക് എത്ര നാളത്തേക്ക് രാജ്യം വിട്ടുനില്‍ക്കേണ്ടി വരുമെന്ന് കൃത്യമായ നിശ്ചയമില്ലാത്തതിനാല്‍, പലര്‍ക്കും തങ്ങളുടെ ജോലിയും വീടും വ്യക്തിബന്ധങ്ങളും ഉപേക്ഷിച്ച് മടങ്ങേണ്ടി വരുന്ന അവസ്ഥയാണ്. വിസ, ഗ്രീന്‍ കാര്‍ഡ് അപേക്ഷകളുടെ വന്‍ കെട്ടിക്കിടപ്പ് മൂലം യു.എസ്.സി.ഐ.എസ് ഇതിനകം തന്നെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. നിലവില്‍ പരിഗണനയിലിരിക്കുന്ന അപേക്ഷകളെ ഈ തീരുമാനം എങ്ങനെയെല്ലാം ബാധിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് സേവനം നല്‍കുന്ന എയ്ഡ് ഗ്രൂപ്പായ ഹയാസ്, ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്തിന് ഇരയായവരെയും ക്രൂരതകള്‍ക്കും അവഗണനകള്‍ക്കും ഇരയായ കുട്ടികളെയും, അവര്‍ ഭയന്നോടിയ അപകടകരമായ സാഹചര്യങ്ങളുള്ള സ്വന്തം രാജ്യങ്ങളിലേക്ക് തന്നെ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാക്കുന്നതാണ് പുതിയ നയമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. യു.എസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ ഇവര്‍ക്ക് തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങേണ്ടി വരുന്നത് വലിയ സുരക്ഷാ ഭീഷണിയാകും ഉയര്‍ത്തുന്നത്.
അമേരിക്കയിലേക്കുള്ള കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചിട്ടുള്ള നിരവധി നടപടികളുടെ തുടര്‍ച്ചയാണ് വെള്ളിയാഴ്ചയുണ്ടായ ഈ നയവ്യതിയാനം. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക കൈമാറ്റ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വിസാ കാലാവധി ചുരുക്കാന്‍ ട്രംപ് ഭരണകൂടം നടപടി സ്വീകരിച്ചിരുന്നു. കൂടാതെ, രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ ഒരു ലക്ഷത്തിലധികം വിസകള്‍ റദ്ദാക്കിയതായി കഴിഞ്ഞ ജനുവരിയില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നു. അഭയാര്‍ത്ഥികളും നിയമപരമായ സംരക്ഷണം ലഭിച്ചിട്ടുള്ളവരുമായ മറ്റ് കുടിയേറ്റക്കാരെയും ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങള്‍ ഭരണകൂടം ശക്തമായി തുടരുകയാണ്.