ഇന്ത്യയെ ലോകത്തിന്റെ എഐ ഹബ്ബാക്കി മാറ്റാനുള്ള വമ്പൻ പദ്ധതികളുമായി ഗൂഗിൾ എത്തുന്നു


10, May, 2026
Updated on 10, May, 2026 3


ഇന്ത്യയെ ലോകത്തിന്റെ എഐ ഹബ്ബാക്കി മാറ്റാനുള്ള വമ്പൻ പദ്ധതികളുമായി ഗൂഗിൾ എത്തുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 15 ബില്യൺ ഡോളറിന്റെ (ഏകദേശം 1.25 ലക്ഷം കോടി രൂപ) നിക്ഷേപത്തിനാണ് ഗൂഗിൾ തുടക്കമിട്ടിരിക്കുന്നത്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഗൂഗിൾ അധികൃതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ വിവരം പങ്കുവെച്ചത്.


നിർമ്മിത ബുദ്ധി (AI) മേഖലയിലും ഹാർഡ്‌വെയർ നിർമ്മാണത്തിലും ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റാനാണ് ഗൂഗിളിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എഐ ഇൻഫ്രാസ്ട്രക്ചർ, സെർവർ നിർമ്മാണം, ഡ്രോൺ നിർമ്മാണം എന്നീ മേഖലകളിൽ ഗൂഗിൾ നിക്ഷേപം നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.


വിശാഖപട്ടണത്ത് മൂന്ന് ഡാറ്റാ സെന്ററുകൾ ഉൾപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ 'ഗീഗാവാട്ട് സ്കെയിൽ എഐ ഹബ്ബ്' ഗൂഗിൾ സ്ഥാപിക്കും. ഇതിനായി ആന്ധ്രാപ്രദേശ് സർക്കാർ 600 ഏക്കർ ഭൂമി അനുവദിച്ചു കഴിഞ്ഞു. ജിപിയു (GPU), ചിപ്പുകൾ എന്നിവ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ഗൂഗിളിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂഗിളിന്റെ ഈ നീക്കം ഇന്ത്യയുടെ ഇലക്ട്രോണിക് നിർമ്മാണ മേഖലയ്ക്ക് വലിയ കരുത്താകും.


ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിനും 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനും ഈ എഐ ഹബ്ബ് നിർണ്ണായക പങ്ക് വഹിക്കുമെന്ന് ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു. ഈ വർഷത്തെ മൂലധനച്ചെലവ് 185 ബില്യൺ ഡോളറായി ഉയർത്തുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ വലിയൊരു ഭാഗം എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യയിൽ, പ്രത്യേകിച്ച് വിശാഖപട്ടണത്ത് നടപ്പിലാക്കുന്ന വമ്പൻ പദ്ധതികൾ. അദാനി കണക്സ് (AdaniConneX), എയർടെൽ എൻക്സ്ട്രാ (Nxtra by Airtel) എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ഈ പദ്ധതികൾ പൂർത്തിയാക്കുന്നത്.




Feedback and suggestions