സൗദിയും കുവൈറ്റും വ്യോമപാത തുറന്നു; ഹോർമുസ് കടലിടുക്കിലെ കപ്പൽ സുരക്ഷാ ദൗത്യം പുനരാരംഭിക്കാൻ അമേരിക്ക


8, May, 2026
Updated on 8, May, 2026 4


ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾക്ക് സായുധ സുരക്ഷ നൽകുന്ന നാവിക ദൗത്യം പുനരാരംഭിക്കാൻ അമേരിക്ക ഒരുങ്ങുന്നു. തങ്ങളുടെ സൈനിക താവളങ്ങളും വ്യോമപാതയും ഉപയോഗിക്കുന്നതിന് സൗദി അറേബ്യയും കുവൈറ്റും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് തുറക്കുന്നതിനായി അമേരിക്ക സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് ഈ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഗൾഫ് രാജ്യങ്ങളുടെ പുതിയ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ സുരക്ഷാ ദൗത്യത്തിന് വലിയ കരുത്താകും.വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് പ്രകാരം, വെറും 36 മണിക്കൂർ മാത്രം നീണ്ടുനിൽക്കുകയും പിന്നീട് താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്ത 'പ്രോജക്ട് ഫ്രീഡം' (Project Freedom) ഈ ആഴ്ച തന്നെ പുനരാരംഭിച്ചേക്കും. ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും പെന്റഗൺ അധികൃതർ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.അമേരിക്കയുടെ ഈ സൈനിക നീക്കം ഗൾഫ് രാജ്യങ്ങളിലെ സൈനിക താവളങ്ങളെയും വ്യോമപാതയെയും വളരെയധികം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. മിസൈലുകളിൽ നിന്നും ഡ്രോൺ ആക്രമണങ്ങളിൽ നിന്നും ചരക്ക് കപ്പലുകളെ സംരക്ഷിക്കുന്നതിന് യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നിരീക്ഷണ സംവിധാനങ്ങൾക്കും ഈ രാജ്യങ്ങളുടെ സഹകരണം അത്യാവശ്യമാണ്. നേരത്തെ ഈ സഹകരണം സൗദിയും കുവൈറ്റും നിഷേധിച്ചിരുന്നു.അമേരിക്കയുടെ സൈനിക നീക്കത്തിന് ഇറാൻ ശക്തമായ തിരിച്ചടിയാണ് നൽകിയത്. യുഎഇയിലെ ഫുജൈറയിലുള്ള പ്രധാന എണ്ണ കയറ്റുമതി കേന്ദ്രത്തിന് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. പല ആക്രമണങ്ങളും അമേരിക്ക പ്രതിരോധിച്ചെങ്കിലും ചില കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതോടെയാണ് തങ്ങൾക്കും നേരെ ആക്രമണമുണ്ടാകുമെന്ന് ഭയന്ന് ഗൾഫ് രാജ്യങ്ങൾ പിൻവാങ്ങിയിരുന്നത്.ദൗത്യം താൽക്കാലികമായി നിർത്തിവെക്കാൻ കാരണം ഡൊണാൾഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളാണ്. മേഖലയിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയ കിരീടാവകാശി നിയന്ത്രണങ്ങളെക്കുറിച്ച് വാഷിംഗ്ടണിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ട്രംപ് പ്രോജക്ട് ഫ്രീഡം നിർത്തിവെച്ചത്. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് പിന്നീട് ട്രംപ് പറഞ്ഞു. എന്നാൽ വീണ്ടും നടന്ന ചർച്ചകൾക്കൊടുവിലാണ് സൗദിയും കുവൈറ്റും സഹകരണം പുനരാരംഭിക്കാൻ തീരുമാനിച്ചത്.പ്രോജക്ട് ഫ്രീഡം ഒരു വലിയ സുരക്ഷാ കവചമായാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വിശേഷിപ്പിച്ചത്. "കടലിടുക്കിന് മുകളിൽ ചുവപ്പും വെള്ളയും നീലയും കലർന്ന (അമേരിക്കൻ പതാകയുടെ നിറങ്ങൾ) ശക്തമായ ഒരു കവചം ഞങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നൂറുകണക്കിന് യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും പിന്തുണയോടെ അമേരിക്കൻ ഡിസ്ട്രോയറുകൾ അവിടെ നിലയുറപ്പിച്ചിരിക്കുന്നു. ചരക്ക് കപ്പലുകൾക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കും," അദ്ദേഹം പറഞ്ഞു.അതേസമയം, ഹോർമുസ് കടലിടുക്കിന് മേൽ നിയന്ത്രണം ഉറപ്പിക്കാൻ ഇറാൻ പുതിയ നീക്കം തുടങ്ങിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി കടന്നുപോകുന്ന കപ്പലുകൾ മുൻകൂട്ടി അനുവാദം വാങ്ങണമെന്ന് ടെഹ്‌റാൻ ആവശ്യപ്പെട്ടു.ഗതാഗതം നിയന്ത്രിക്കാൻ 'പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി' എന്ന പേരിൽ ഒരു പുതിയ സമിതി രൂപീകരിച്ചു. കപ്പലിന്റെ ഉടമസ്ഥാവകാശം, ജീവനക്കാരുടെ വിവരങ്ങൾ, ചരക്ക് തുടങ്ങിയ വിവരങ്ങൾ മുൻകൂട്ടി നൽകണം. തെറ്റായ വിവരങ്ങൾ നൽകിയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് അപേക്ഷകർ തന്നെ ഉത്തരവാദികളായിരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നു.സംഘർഷങ്ങൾക്കിടയിലും നയതന്ത്ര ചർച്ചകൾ തുടരുകയാണ്. പോരാട്ടം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും ഹ്രസ്വകാല കരാറിനായുള്ള സാധ്യതകൾ തേടുന്നുണ്ട്. നിലവിലെ സംഘർഷം അവസാനിപ്പിക്കാനാണ് മുൻഗണന. എങ്കിലും ഇറാന്റെ ആണവ പദ്ധതിയടക്കമുള്ള പ്രധാന തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. 30 ദിവസത്തെ ചർച്ചകളിലൂടെ വലിയൊരു സമാധാന കരാറിലെത്താനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നത്.




Feedback and suggestions