7, May, 2026
Updated on 7, May, 2026 7
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി, ഓപ്പറേഷൻ സിന്ദൂർ സൈനികാക്രമണത്തിന് ഇന്ന് ഒന്നാം വാർഷികം. 2025 മെയ് 7 മുതൽ 9 വരെ നടന്ന സൈനികാക്രമണത്തിൽ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരതാവളങ്ങളാണ് തകർത്തത്. ഒന്നാം വാർഷികം കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഇന്ന് ജയ്പൂരിൽ പ്രതിരോധ സേനകളുടെ സംയുക്ത വാർത്താ സമ്മേളനവും നടക്കും.ഇന്ത്യ ഒന്നും മറക്കില്ല, പൊറുക്കില്ല’ എന്ന ശക്തമായ സന്ദേശവുമായി വ്യോമസേനയും, ആര്‍മിയും വീഡിയോ പുറത്തുവിട്ടു. 1 മിനിറ്റ് 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ വർഷം ഓപ്പറേഷൻ ആരംഭിച്ച അതേ സമയമായ പുലർച്ചെ 1:05-ന് തന്നെ എക്‌സിൽ പങ്കുവെച്ചു. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സൈന്യം ഇതിലൂടെ വീണ്ടും ആവർത്തിച്ചു. ഭീകര ക്യാമ്പുകളും സൈനിക താവളങ്ങളും തകർക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. “ഓരോ ഭീകരനെയും അവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെയും ഇന്ത്യ പിന്തുടർന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യും” എന്ന് മുന്നറിയിപ്പ് നൽകുന്ന മറ്റൊരു വീഡിയോ കരസേനയും പുറത്തിറക്കി.
ഓപ്പറേഷൻ സിന്ദൂർ
ഏപ്രിൽ 22നാണ് രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണം നടന്നത്. ജമ്മുകാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരത്തിന് എത്തിയവർ ഉൾപ്പെടെ 26 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിന് മറുപടിയായി ജയ്ശെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളിലെ നൂറിൽപ്പരം ഭീകരരെയാണ് ഇന്ത്യൻ സൈന്യം വധിച്ചത്.ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ പാക് സംഘർഷം രൂക്ഷമായി. ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധു നദിജല കരാർ റദ്ദാക്കിയിരുന്നു. തുടർച്ചയായ മൂന്ന് ദിവസമാണ് ഇന്ത്യ പാക് അതിർത്തിയിൽ സംഘർഷം തുടർന്നത്. കര, നാവിക, വ്യോമ സേനങ്ങൾ ഒന്നിച്ച് ആക്രമണം നടത്തിയത്.