1, June, 2026
Updated on 1, June, 2026 37
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്'-ലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രചോദനാത്മകമായ കഥകൾ പങ്കുവെച്ചു. കായികരംഗത്തെ നേട്ടങ്ങൾ മുതൽ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങൾ വരെ നീളുന്നതാണ് ഈ വിശേഷങ്ങൾ.രാജ്യത്തെ അത്‌ലറ്റിക്സ് രംഗത്തെ കുതിപ്പും, സമൂഹത്തിന് മാതൃകയാകുന്ന വ്യക്തികളുടെ പ്രവർത്തനങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ദേശീയ അത്‌ലറ്റിക്സ് മത്സരത്തിൽ പുതിയ ദേശീയ റെക്കോർഡുകൾ സ്ഥാപിച്ച ഗുരീന്ദർ സിംഗ്, അനിമേഷ് കുജൂർ തുടങ്ങിയ കായികതാരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വെറും രണ്ടു ദിവസത്തിനുള്ളിൽ മൂന്നുതവണയാണ് പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് തിരുത്തപ്പെട്ടത്.
കേരളത്തിലെ ആലുവയിൽ സജി വാലശേരി നടത്തുന്ന നീന്തൽ പരിശീലന കേന്ദ്രത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഒരു ബോട്ട് അപകടത്തിൽ നിരവധി വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ മനംനൊന്താണ് സജി ഈ ഉദ്യമം തുടങ്ങിയത്. ഇതിനകം 15,000-ത്തിലധികം പേർക്ക് ഇവിടെ നീന്തൽ പരിശീലനം നൽകി. നെതർലാൻഡ്‌സ് തിരികെ നൽകിയ ചോള കാലഘട്ടത്തിലെ ചെമ്പ് തകിടുകളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഒന്നാം രാജേന്ദ്ര ചോളനുമായി ബന്ധപ്പെട്ട ഈ തകിടുകൾ ചോള സാമ്രാജ്യത്തിന്റെ സമുദ്രശക്തിയെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധത്തെയും വിളിച്ചോതുന്നു.
നക്ഷത്രങ്ങളെ നിരീക്ഷിക്കാനും ദൂരദർശിനികൾ നിർമ്മിക്കാനും യുവാക്കളെ പ്രേരിപ്പിക്കുന്ന ബാംഗ്ലൂർ അസ്ട്രോണമിക്കൽ സൊസൈറ്റി, ആസ്ട്രോ കേരള, രാജ്കോട്ടിലെ ബിഗ് ബാങ് അസ്ട്രോണമി ക്ലബ് തുടങ്ങിയവരുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 'മൻ കി ബാത്ത്' പരിപാടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാഗർകോവിൽ സ്വദേശിയായ ഗിരിജ അമ്മ തന്റെ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ നിന്ന് ഓരോ രൂപ സമാഹരിച്ച് സൈനികർക്കായി ഏകദേശം 40 ലക്ഷം രൂപ സംഭാവന നൽകിയതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.