31, May, 2026
Updated on 31, May, 2026 3
ബിക്കാനീർ : രാജസ്ഥാനിലെ ബിക്കാനീറിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് വീശിയടിച്ച ശക്തമായ മണൽക്കാറ്റിൽ വ്യാപക നാശനഷ്ടം. നഗരകാശത്തെ പൂർണ്ണമായും വിഴുങ്ങിയ കട്ടിയുള്ള പൊടിപടലങ്ങൾ പകൽവെളിച്ചത്തെ പാടേ ഇല്ലാതാക്കി കടും ഇരുട്ടിലേക്ക് നയിച്ചു. നഗരത്തിലേക്ക് മഞ്ഞനിറത്തിലുള്ള കൂറ്റൻ മണൽമതിൽ കണക്കെ പൊടിപടലങ്ങൾ ഇരച്ചുകയറുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കനത്ത മണൽക്കാറ്റിനെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം കാഴ്ചപരിധി പൂർണ്ണമായും തടസ്സപ്പെട്ടു. അന്തരീക്ഷം മഞ്ഞ കലർന്ന തവിട്ടുനിറത്തിലുള്ള പ്രകാശത്താൽ മൂടപ്പെട്ടത് വാഹനയാത്ര അതീവ അപകടകരമാക്കി. ഇതോടെ ജനങ്ങൾ പരിഭ്രാന്തരാവുകയും വീടുകൾക്കുള്ളിലും സുരക്ഷിത കേന്ദ്രങ്ങളിലും അഭയം തേടുകയും ചെയ്തു. കാറ്റിന്റെ വേഗതയും ശക്തിയും വർധിച്ചതോടെ പലയിടങ്ങളിലും വലിയ തോതിലുള്ള ആശങ്കയാണുണ്ടായത്.
വ്യാപാര സ്ഥാപനങ്ങൾ അടിയന്തരമായി അടച്ചുപൂട്ടാൻ വ്യാപാരികൾ ധൃതികൂട്ടിയതോടെ നഗരത്തിലെ മാർക്കറ്റുകളിൽ വലിയ ആശയക്കുഴപ്പവും തിരക്കും അനുഭവപ്പെട്ടു. കാറ്റിൽ നിന്നും രക്ഷപ്പെടാനായി കാൽനടയാത്രക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറി. ശക്തമായ കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീഴുകയും പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായി തകരാറിലാവുകയും ചെയ്തത് നഗരത്തിലെ സാധാരണ ജനജീവിതത്തെ നിശ്ചലമാക്കി.