30, May, 2026
Updated on 30, May, 2026 2
ന്യൂഡൽഹി : ദേശീയതലത്തിലും സംസ്ഥാനങ്ങളിലും പാർട്ടിയെ സജീവമാക്കുന്നതിന്റെ ഭാഗമായി വൻ സംഘടനാ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഇതിന്റെ ആദ്യപടിയായി ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പാർട്ടി നേതൃത്വങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. വരാനിരിക്കുന്ന നിർണായക തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് അടിത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും നേടാനാകാത്ത ഡൽഹിയിൽ പാർട്ടിയെ തിരികെക്കൊണ്ടുവരാൻ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കോൺഗ്രസ് തീരുമാനം.
പുതിയ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) പ്രസിഡന്റുമാരെയും സംസ്ഥാന ചുമതലക്കാരെയും നിയമിക്കുന്നത് ഉൾപ്പെടെ നിരവധി സംസ്ഥാന യൂണിറ്റുകളിൽ മാറ്റങ്ങൾ കോൺഗ്രസ് പരിഗണിക്കുന്നു.
ഡൽഹിയിലെ പാർട്ടിയുടെ സ്വാധീനം താഴെത്തട്ടിൽ ശക്തമാക്കാൻ 14 പുതിയ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നിയമിച്ചു. കൂടാതെ രാഷ്ട്രീയകാര്യ സമിതിയിലേക്കും പുതിയ അംഗങ്ങളെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും കോൺഗ്രസ് പുതിയ സംസ്ഥാന പ്രസിഡന്റുമാരെ നിയമിക്കാൻ സാധ്യതയുണ്ട്.
ഭരണവിരുദ്ധ വികാരവും ആഭ്യന്തര തർക്കങ്ങളും കാരണം അധികാരം നഷ്ടപ്പെട്ട രാജസ്ഥാനിലും വലിയ അഴിച്ചുപണിക്കാണ് ഹൈക്കമാൻഡ് തയ്യാറെടുക്കുന്നത്. രാജസ്ഥാനിൽ അശോക് ഗെലോട്ട് - സച്ചിൻ പൈലറ്റ് തർക്കം പാർട്ടിക്ക് വരുത്തിവെച്ച നഷ്ടം വളരെ വലുതാണ്. ഈ അനുഭവം മുൻനിർത്തിയാണ് ഡൽഹിയിലും രാജസ്ഥാനിലും അച്ചടക്കത്തോടെയുള്ള പുതിയൊരു നേതൃനിരയെ കോൺഗ്രസ് കെട്ടിപ്പടുക്കുന്നത്.