അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണം ; 5 പേർ അറസ്റ്റിൽ


31, May, 2026
Updated on 31, May, 2026 2



കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പശ്ചിമ ബംഗാളിലെ സോനാർപൂരിൽ വെച്ച് ആൾക്കൂട്ട ആക്രമണത്തിന് ഇരയായ സംഭവത്തിൽ നടപടിയുമായി പോലീസ്. അഭിഷേക് ബാനർജിക്ക് നേരെ മുട്ടയേറും ചെരിപ്പേറും കല്ലേറും നടത്തിയ സംഭവത്തിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് തിരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണ സംഭവങ്ങളിൽ ഇരയായ ടിഎംസി പ്രവർത്തകൻ സഞ്ജു കർമാകറിന്റെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേക് ബാനർജി ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്.


ശനിയാഴ്ച സൗത്ത് 24 പർഗാനാസ് ജില്ലയിലെ സോനാർപൂർ സൗത്തിൽ വെച്ചാണ് സംഭവം നടന്നത്. സഞ്ജു കർമാകറിന്റെ വീട്ടിലേക്ക് നല്ല റോഡ് ഇല്ലാത്തതിനാൽ നടന്നു പോവുകയായിരുന്ന അഭിഷേക് ബാനർജിയെ ഒരു കൂട്ടം ആളുകൾ വളയുകയായിരുന്നു. പ്രദേശവാസികളായ ജനങ്ങൾ കള്ളൻ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു അഭിഷേകിനെ നേരിട്ടത്. തുടർന്ന് ജനക്കൂട്ടം അദ്ദേഹത്തിന് നേരെ മുട്ട, കല്ലുകൾ, ചെരുപ്പുകൾ എന്നിവ വലിച്ചെറിഞ്ഞു. തുടർന്ന് സംഘർഷം ഉണ്ടായതോടെ ചിലർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വലിച്ചുകീറുകയും, കണ്ണട തല്ലിപ്പൊട്ടിക്കുകയും ചെയ്‌തു. സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ പോലീസിന്റെ ഹെൽമറ്റ് ധരിപ്പിച്ചാണ് അഭിഷേകിനെ ആൾക്കൂട്ടത്തിൽ നിന്നും സംരക്ഷിച്ചത്. തുടർന്ന് ഒരു മണിക്കൂറോളം അദ്ദേഹം പ്രവർത്തകന്റെ വീടിനുള്ളിൽ അഭയം തേടി. പിന്നീട് വൻ പോലീസ് സന്നാഹമെത്തിയാണ് അദ്ദേഹത്തെ അവിടെ നിന്നും മാറ്റിയത്.




Feedback and suggestions