ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു; അഭയം തേടിയ വീടിന് മുകളിൽ ബോംബുകൾ വീണു


23, April, 2026
Updated on 23, April, 2026 2


ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലെബനീസ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ദക്ഷിണ ലെബനനിലെ അൽ-തിരി ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ-അക്ബർ പത്രത്തിന്റെ റിപ്പോർട്ടർ അമൽ ഖലീലാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.


യുഎസ്-ഇസ്രായേൽ സംയുക്ത ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാർച്ചിൽ ആരംഭിച്ച ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം റിപ്പോർട്ട് ചെയ്യുകയായിരുന്നു അമൽ. യാത്രാമധ്യേ താൻ സഞ്ചരിച്ചിരുന്ന കാറിന് സമീപം ഇസ്രായേൽ മിസൈൽ പതിച്ചതിനെത്തുടർന്നാണ് സഹപ്രവർത്തകയായ സൈനബ് ഫറജിനൊപ്പം ഇവർ അൽ-തിരിയിലെ ഒരു വീട്ടിൽ അഭയം തേടിയത്. എന്നാൽ തൊട്ടുപിന്നാലെ ഈ വീടിന് നേരെയും ഇസ്രായേൽ രണ്ടാമത്തെ വ്യോമാക്രമണം നടത്തുകയായിരുന്നു.ആദ്യത്തെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ആക്രമണത്തിൽ വീട് തകരുകയും അമൽ ഖലീലും സഹപ്രവർത്തകയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനബിനെ ഉടൻ തന്നെ രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും അമലിന്റെ അടുത്തേക്ക് എത്തുന്നതിന് ഇസ്രായേൽ സൈന്യം തടസ്സമുണ്ടാക്കിയതായി മന്ത്രാലയം ആരോപിച്ചു. രക്ഷാപ്രവർത്തകർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ് നടത്തിയതിനെത്തുടർന്ന് ദൗത്യം താത്ക്കാലികമായി നിർത്തിവെക്കേണ്ടി വന്നു.ആറ് മണിക്കൂറോളം അമൽ ഖലീൽ തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നു. ഒടുവിൽ ലെബനീസ് സൈന്യത്തിന്റെയും റെഡ് ക്രോസിന്റെയും സഹായത്തോടെ അർദ്ധരാത്രിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. ആക്രമണം നടന്ന് ആറ് മണിക്കൂറിന് ശേഷമായിരുന്നു ഇത്.


 ഗ്രാമത്തിലുള്ളവർ വെടിനിർത്തൽ കരാർ ലംഘിച്ചതായും ഇത് സൈന്യത്തിന് ഭീഷണിയായതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (IDF) പ്രസ്താവിച്ചു. മാധ്യമപ്രവർത്തകരെ തങ്ങൾ ലക്ഷ്യം വെക്കുന്നില്ലെന്നും രക്ഷാപ്രവർത്തനത്തിന് തടസ്സം നിന്നിട്ടില്ലെന്നും ഇസ്രായേൽ അവകാശപ്പെട്ടു. സംഭവം അന്വേഷിച്ചു വരികയാണെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ മാധ്യമപ്രവർത്തകരെ കൊല്ലുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ലെബനൻ വാർത്താവിനിമയ മന്ത്രി പോൾ മോർകോസ് പറഞ്ഞു.


വെടിനിർത്തൽ നീട്ടുന്നതിനായി വാഷിംഗ്ടണിൽ ഇസ്രായേലും ലെബനനും തമ്മിലുള്ള രണ്ടാം വട്ട ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ ദുരന്തം. 2006 മുതൽ അൽ-അക്ബറിന് വേണ്ടി ദക്ഷിണ ലെബനനിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന പരിചയസമ്പന്നയായ മാധ്യമപ്രവർത്തകയായിരുന്നു അമൽ ഖലീൽ. ഇസ്രായേൽ സൈന്യം ലെബനീസ് വീടുകൾ തകർക്കുന്നതിനെക്കുറിച്ചായിരുന്നു ഇവരുടെ അവസാനത്തെ റിപ്പോർട്ടുകൾ.


ഈ വർഷം മാത്രം ലെബനനിൽ കൊല്ലപ്പെടുന്ന ഒമ്പതാമത്തെ മാധ്യമപ്രവർത്തകയാണ് അമൽ. മാർച്ച് 2 മുതൽ ആരംഭിച്ച ഇസ്രായേൽ ആക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 2300-ലധികം പേർ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (CPJ) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാർച്ചിൽ അലി ഷുഐബ്, ഫാത്തിമ ഫ്തൂനി തുടങ്ങിയ മാധ്യമപ്രവർത്തകരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.




Feedback and suggestions