3, April, 2026
Updated on 3, April, 2026 2
പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക യുദ്ധം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാൻ വില വർദ്ധിപ്പിക്കുന്നത്. ഡീസൽ വിലയിൽ 54.9 ശതമാനവും പെട്രോൾ വിലയിൽ 42.7 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
പുതുക്കിയ നിരക്ക് അനുസരിച്ച് പാകിസ്ഥാനിൽ ഒരു ലിറ്റർ ഡീസലിന് 520.35 രൂപയും ($1.88) പെട്രോളിന് 458.40 രൂപയുമായി വില ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നിയന്ത്രണാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇന്ധനവില വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് പറഞ്ഞു. ധനമന്ത്രി മുഹമ്മദ് ഔറംഗസീബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇറാനെതിരെയുള്ള അമേരിക്കയുടെയും ഇസ്രായേലിൻ്റെയും നീക്കങ്ങൾ മൂലം കഴിഞ്ഞ മാസവും പാകിസ്ഥാൻ ഇന്ധനവില 20 ശതമാനത്തോളം വർദ്ധിപ്പിച്ചിരുന്നു. പുതിയ വർദ്ധനവ് രാജ്യത്തെ പണപ്പെരുപ്പം ഇനിയും ഉയർത്തുകയും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയും ചെയ്യും. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെയാണ് പാകിസ്ഥാൻ പ്രധാനമായും ആശ്രയിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വിതരണ ശൃംഖല തടസ്സപ്പെട്ടത് തിരിച്ചടിയായി.ഇന്ധനവില വർദ്ധനവ് സാധാരണക്കാരെ ബാധിക്കാതിരിക്കാൻ ചില ആശ്വാസ നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുചക്ര വാഹന ഉടമകൾക്ക് മാസം 20 ലിറ്റർ വരെ ലിറ്ററിന് 100 രൂപ സബ്‌സിഡി മൂന്ന് മാസത്തേക്ക് നൽകും. കൂടാതെ ചെറുകിട കർഷകർക്ക് ഏക്കറിന് 1,500 രൂപ വീതം ഒറ്റത്തവണ സബ്‌സിഡി നൽകുമെന്നും ധനമന്ത്രി അറിയിച്ചു.കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ 129 ബില്യൺ രൂപയുടെ സബ്‌സിഡി സർക്കാർ നൽകിയിട്ടുണ്ടെന്നും എന്നാൽ യുദ്ധം നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ ഇത് തുടരുന്നത് സാമ്പത്തികമായി പ്രായോഗികമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക നടപടികൾ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 7 ശതമാനത്തിലധികം വർദ്ധിച്ചിരുന്നു. യുദ്ധം അവസാനിക്കാത്ത പക്ഷം പാകിസ്ഥാൻ ഉൾപ്പെടെയുള്ള ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും.