ഇറാനെ തകർക്കാൻ ബ്രിട്ടീഷ് താവളങ്ങൾ! അമേരിക്കയ്ക്ക് അനുമതി നൽകി പ്രധാനമന്ത്രി കെയർ സ്റ്റാമർ


2, March, 2026
Updated on 2, March, 2026 23


ഇറാന്റെ മിസൈൽ ഭീഷണി നേരിടാൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് ബ്രിട്ടീഷ് മണ്ണ് വിട്ടുനൽകാൻ ഔദ്യോഗികമായി തീരുമാനമായി. ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർക്കുന്നതിനായുള്ള പ്രതിരോധ ആക്രമണങ്ങൾക്കായി തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമർ പ്രഖ്യാപിച്ചു. മേഖലയിലുടനീളം ഇറാൻ മിസൈലുകൾ തൊടുത്തുവിടുന്നത് തടയുക എന്ന പരിമിതമായ പ്രതിരോധ ലക്ഷ്യത്തിനായാണ് അമേരിക്കയുടെ അഭ്യർത്ഥന സ്വീകരിച്ചതെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി.


ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ പ്രയോഗങ്ങൾ ബ്രിട്ടീഷ് പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കടുപ്പമേറിയ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. നേരത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട സംയുക്ത വ്യോമാക്രമണത്തിൽ ബ്രിട്ടൻ നേരിട്ട് പങ്കെടുത്തിട്ടില്ല. വരാനിരിക്കുന്ന ആക്രമണങ്ങളുടെയും ഭാഗമാകില്ലെന്ന് വ്യക്തമാക്കുമ്പോഴും, സുഹൃദ് രാജ്യങ്ങളുടെ സുരക്ഷ മുൻനിർത്തി താവളങ്ങൾ വിട്ടുനൽകാൻ ബ്രിട്ടൻ തയ്യാറാവുകയായിരുന്നു. ഇറാന്റെ പ്രത്യാക്രമണങ്ങൾ ബ്രിട്ടീഷ് പൗരന്മാർ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും എത്തിയത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.രാജ്യാന്തര നിയമങ്ങൾക്ക് അനുസൃതമായി സഖ്യകക്ഷികളുടെ കൂട്ടായ പ്രതിരോധത്തിനായാണ് ഈ നീക്കമെന്ന് സ്റ്റാമർ ആവർത്തിച്ചു. മിസൈലുകൾ വിക്ഷേപിക്കുന്നതിന് മുൻപ് തന്നെ അവയുടെ ഉറവിടത്തിൽ നശിപ്പിക്കുക എന്നതാണ് നിലവിലെ ഭീഷണി ഒഴിവാക്കാനുള്ള ഏക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിബിസിയുടെ റിപ്പോർട്ടുകൾ പ്രകാരം ഗ്ലോസെസ്റ്റർഷെയറിലെ RAF ഫെയർഫോർഡ്, ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ എന്നീ തന്ത്രപ്രധാനമായ താവളങ്ങളാകും അമേരിക്കൻ സേന പ്രധാനമായും ഉപയോഗിക്കുക. ഈ രണ്ട് കേന്ദ്രങ്ങളും മുൻപ് ദീർഘദൂര ബോംബിങ് ദൗത്യങ്ങൾക്കായി അമേരിക്ക പ്രയോജനപ്പെടുത്തിയിട്ടുണ്ട്.




Feedback and suggestions