ഇറാനെതിരെയുള്ള ആക്രമണത്തിന് ബ്രിട്ടീഷ് വ്യോമതാവളം വിട്ടുനൽകില്ലെന്ന് യുകെ; ട്രംപിൻ്റെ ആവശ്യം തള്ളി കെയർർ സ്റ്റാർമർ സർക്കാർ


20, February, 2026
Updated on 20, February, 2026 7


ഇറാനെതിരായ സൈനിക നീക്കത്തിനായി തങ്ങളുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അപേക്ഷ ബ്രിട്ടീഷ് സർക്കാർ നിരസിച്ചു. ബ്രിട്ടന്റെ ഈ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നീക്കം അതീവ പ്രാധാന്യമർഹിക്കുന്നു.


സ്വിൻഡണിന് സമീപമുള്ള ആർഎഎഫ് ഫെയർഫോർഡ് (RAF Fairford) എന്ന വ്യോമതാവളത്തിൽ നിന്ന് ദീർഘദൂര ബോംബിംഗ് പ്രവർത്തനങ്ങൾ നടത്താനാണ് അമേരിക്ക അനുമതി തേടിയത്. എന്നാൽ ഇറാനെതിരെയുള്ള മുൻകൂർ ആക്രമണങ്ങളിൽ (Pre-emptive attacks) പങ്കാളികളാകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കെയർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സർക്കാർ ഈ ആവശ്യം തള്ളിയത്. മിഡിൽ ഈസ്റ്റിൽ സൈനിക വിന്യാസം ശക്തമാക്കുന്ന വാഷിംഗ്ടൺ, ഇറാനെതിരെയുള്ള വിവിധ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്.ഈ തർക്കം ഇപ്പോൾ ചാഗോസ് ദ്വീപുകളിലെ ഡീഗോ ഗാർഷ്യയിലുള്ള സംയുക്ത സൈനിക താവളത്തിന്റെ ഭാവിയിലേക്കും നീണ്ടിരിക്കുകയാണ്. ദീർഘദൂര സൈനിക നീക്കങ്ങൾക്ക് ഈ താവളം അത്യാവശ്യമാണെന്ന് അമേരിക്ക കരുതുന്നു.ബ്രിട്ടന്റെ ഈ നിലപാടിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. ചാഗോസ് ദ്വീപുകളുടെ നിയന്ത്രണം ഉപേക്ഷിക്കരുതെന്ന് അദ്ദേഹം ബ്രിട്ടന് മുന്നറിയിപ്പ് നൽകി. അത്യന്തം അപകടകാരികളായ ഒരു ഭരണകൂടത്തിന്റെ ആക്രമണത്തെ ചെറുക്കാൻ ഡീഗോ ഗാർഷ്യയും ആർഎഎഫ് ഫെയർഫോർഡും ഉപയോഗിക്കേണ്ടി വരുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.


നിലവിലുള്ള ഉടമ്പടികൾ പ്രകാരം ഡീഗോ ഗാർഷ്യയിൽ നിന്ന് ആക്രമണം നടത്താൻ ബ്രിട്ടനെ വിവരം അറിയിച്ചാൽ മാത്രം മതിയാകും. എന്നാൽ ബ്രിട്ടീഷ് മണ്ണിലുള്ള ആർഎഎഫ് താവളങ്ങൾ ഉപയോഗിക്കാൻ യുകെയുടെ നേരിട്ടുള്ള അനുമതി ആവശ്യമാണ്.


അന്താരാഷ്ട്ര നിയമതത്വങ്ങൾ അനുസരിച്ച്, ഒരു സഖ്യകക്ഷി നടത്തുന്ന നിയമവിരുദ്ധമായ സൈനിക നടപടിക്ക് സഹായം നൽകുന്നത് കുറ്റകരമാകുമെന്ന നിലപാടിലാണ് ലണ്ടൻ. നേരത്തെയും ഇറാനിയൻ ലക്ഷ്യങ്ങൾക്കെതിരെയുള്ള അമേരിക്കൻ ആക്രമണങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ ബ്രിട്ടൻ വിസമ്മതിച്ചിരുന്നു.ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് കൈമാറാനും പകരം ഡീഗോ ഗാർഷ്യ 99 വർഷത്തേക്ക് ബ്രിട്ടന് പാട്ടത്തിന് നൽകാനുമുള്ള കരാറിനെച്ചൊല്ലി മാസങ്ങളായി തർക്കം നിലനിൽക്കുകയാണ്. ഇതിനായി ഏകദേശം 35 ബില്യൺ പൗണ്ട് ചിലവ് വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ താവളം ഇൻഡോ-പസഫിക് മേഖലയിലെ പ്രവർത്തനങ്ങൾക്ക് സുപ്രധാനമാണെന്ന് വാഷിംഗ്ടൺ വിശ്വസിക്കുന്നു. ഡീഗോ ഗാർഷ്യ വിട്ടുകൊടുക്കരുതെന്ന് ട്രംപ് വീണ്ടും ബ്രിട്ടനോട് ആവശ്യപ്പെട്ടു. കരാർ വലിയൊരു തെറ്റാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.




Feedback and suggestions