19, January, 2026
Updated on 19, January, 2026 12
പശ്ചിമേഷ്യയുടെ രാഷ്ട്രീയ ചക്രവാളത്തിൽ അധിനിവേശ ശക്തികളുടെ ഭീഷണികൾക്ക് മുന്നിൽ പതറാതെ, സ്വന്തം മണ്ണും മാനവും കാത്തുസൂക്ഷിക്കാൻ ചങ്കൂറ്റം കാണിക്കുന്ന ഏക ശക്തിയായി ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ മാറിയിരിക്കുന്നു. ആധുനിക ലോകം വൻശക്തികളുടെ സാമ്പത്തിക ഭീഷണികൾക്കും നയതന്ത്ര സമ്മർദ്ദങ്ങൾക്കും മുന്നിൽ മുട്ടുമടക്കുമ്പോൾ, ആത്മവിശ്വാസത്തിന്റെ കരുത്തുറ്റ സ്വരവുമായി ഇറാൻ ലോകത്തിന് മാതൃകയാവുകയാണ്. ഈ നിലപാടിന്റെ ഏറ്റവും പുതിയ പ്രകടനമായിരുന്നു 2026 ജനുവരി 16-ന് ഇറാനിലെ ടെഹ്‌റാനിൽ നടന്ന വെള്ളിയാഴ്ച പ്രാർത്ഥന.
ആ ദിവസം, മുതിർന്ന മതപുരോഹിതനായ അഹമ്മദ് ഖതാമി നടത്തിയ പ്രസംഗം രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഇസ്രയേൽ നേതൃത്വത്തെയും നേരിട്ട് പരാമർശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ മുന്നറിയിപ്പ്, ഇറാനെ അസ്ഥിരമാക്കാനുള്ള ഏതൊരു ശ്രമത്തിനും ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന സന്ദേശമായാണ് ഇറാനിൽ വ്യാഖ്യാനിക്കപ്പെട്ടത്. പാശ്ചാത്യമാധ്യമങ്ങൾ ഈ വാക്കുകളെ അതിരൂക്ഷമായി ചിത്രീകരിച്ചെങ്കിലും, ഇറാന്റെ കാഴ്ചപ്പാടിൽ അത് രാജ്യത്തിന്റെ സുരക്ഷയും അസ്തിത്വവും സംരക്ഷിക്കാനുള്ള തുറന്ന നിലപാടായിരുന്നു.
ഇറാന്റെ പരമാധികാരത്തിന് നേരെ ഉയരുന്ന ഏതൊരു ഭീഷണിയെയും മുളയിലേ നുള്ളാൻ ആ രാജ്യം സജ്ജമാണെന്നതിന്റെ നേർസാക്ഷ്യമായിരുന്നു ഖതാമിയുടെ വാക്കുകൾ. ഡൊണാൾഡ് ട്രംപിന്റെയും ഇസ്രയേൽ ഭരണകൂടത്തിന്റെയും വിരട്ടലുകൾക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കുമെന്ന് കരുതിയവർക്ക് ലഭിച്ച ശക്തമായ പ്രഹരമാണത്. ട്രംപിനെയും നെതന്യാഹുവിനെയും പരാമർശിച്ച ഖതാമി, ഇറാനെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടെങ്കിൽ അതിന് ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ് നൽകിയത്.
പ്രചോദനമായി മാറിയിരിക്കുന്നു.
അതേസമയം, ഇറാഖിൽ നിന്നുള്ള ഷിയാ പോരാളികൾ മതതീർത്ഥാടനത്തിന്റെ മറവിൽ ഇറാനിലെത്തി എന്ന പാശ്ചാത്യ മാധ്യമങ്ങളുടെ ആരോപണങ്ങളെ ഇറാൻ തള്ളിക്കളയുന്നു. ഇത്തരം റിപ്പോർട്ടുകൾ ഇറാന്റെ സുരക്ഷാ സംവിധാനത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ട പ്രചാരണമാണെന്നതാണ് ഔദ്യോഗിക നിലപാട്. രാജ്യത്തെ അസ്ഥിരമാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ സഖ്യകക്ഷികളുമായി സഹകരിക്കുന്നത് ഒരു പരമാധികാര രാഷ്ട്രത്തിന്റെ നയതന്ത്ര അവകാശമാണെന്നും ഇറാൻ വിശദീകരിക്കുന്നു.സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാൻ ജനതയെ കടുത്ത സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ തന്നെയാണ് ഇപ്പോൾ മനുഷ്യാവകാശത്തെക്കുറിച്ച് വിമർശനം ഉന്നയിക്കുന്നതെന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ശാസ്ത്ര, സാങ്കേതിക, പ്രതിരോധ മേഖലകളിൽ രാജ്യം കൈവരിച്ച മുന്നേറ്റങ്ങൾ, ഇറാന്റെ ആത്മവിശ്വാസത്തിന്റെയും അതിജീവന ശേഷിയുടെയും തെളിവായി ഭരണകൂടം അവതരിപ്പിക്കുന്നു.
അയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഇറാൻ നേരിടുന്നത് വെറും പ്രതിഷേധങ്ങളല്ല, മറിച്ച് രാജ്യത്തെ ശിഥിലമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ നിഴൽ യുദ്ധത്തെയാണ്. സുരക്ഷാ സേനയ്ക്ക് നേരെയും പള്ളികൾ ഉൾപ്പെടെയുള്ള പൊതുസൗകര്യങ്ങൾക്ക് നേരെയും അക്രമങ്ങൾ അഴിച്ചുവിട്ട ശക്തികൾക്കെതിരെ ഭരണകൂടം സ്വീകരിച്ച കർശന നടപടികൾ രാജ്യത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനാണ്. വിദേശ മാധ്യമങ്ങൾ ഇതിനെ “അടിച്ചമർത്തൽ” എന്ന് വിളിക്കുമ്പോൾ, യഥാർത്ഥത്തിൽ അത് ഒരു രാഷ്ട്രത്തിന്റെ അതിജീവനത്തിനായുള്ള നിയമപരമായ സുരക്ഷാ നടപടികളാണ്.
ആധുനിക ലോകത്ത് പല രാജ്യങ്ങളും വൻശക്തികളുടെ സാമ്പത്തിക ഭീഷണികൾക്കും നയതന്ത്ര സമ്മർദ്ദങ്ങൾക്കും മുന്നിൽ മുട്ടുമടക്കുമ്പോൾ, സ്വന്തം അഭിമാനവും ദേശീയ സ്വാതന്ത്ര്യവും കൈവിടാതെ ഉറച്ചുനിൽക്കുന്ന രാജ്യമായി ഇറാൻ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ, ഇറാൻ ഇന്ന് വെറും ഒരു പ്രാദേശിക ശക്തിയല്ല; മറിച്ച് ഇന്നിന്റെ ഇറാൻ പശ്ചിമേഷ്യയിലെ രാഷ്ട്രീയ ദിശ തന്നെ സ്വാധീനിക്കുന്ന ശക്തിയായി മാറിയിരിക്കുകയാണ്.
ഇതിനിടെ, ഇറാനിലെ അടുത്തകാല സംഭവങ്ങളെ പാശ്ചാത്യ മാധ്യമങ്ങൾ അവതരിപ്പിക്കുന്ന രീതി കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ദീർഘകാലമായി നിലനിൽക്കുന്ന രാഷ്ട്രീയവും ചരിത്രപരവുമായ പശ്ചാത്തലങ്ങളെ അവഗണിച്ച്, ആഭ്യന്തര പ്രശ്നങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം ചിത്രീകരിക്കുകയാണ് പല റിപ്പോർട്ടുകളും ചെയ്യുന്നതെന്ന ആരോപണമാണ് ഉയരുന്നത്. അതേസമയം മുൻകാലങ്ങളിൽ നടന്ന പല പ്രക്ഷോഭങ്ങളും പിന്നീട് ആയുധധാരികളായ സംഘങ്ങളുടെയും വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെയും ഇടപെടലിലേക്ക് വഴിമാറിയ അനുഭവം, ഇപ്പോഴത്തെ സംഭവങ്ങളിൽ ഭരണകൂടത്തെ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചുവെന്ന് ഇറാൻ പറയുന്നു. ഇതിന്റെ ഭാഗമായാണ് വിവരനിയന്ത്രണവും ഇന്റർനെറ്റ് നിയന്ത്രണവും പോലുള്ള നടപടികൾ സ്വീകരിക്കപ്പെട്ടതെന്ന് ഇറാൻ വിശദീകരിക്കുന്നു.
ഇത്തരം നടപടികളെ മനുഷ്യാവകാശ ലംഘനങ്ങളായി മാത്രം ചിത്രീകരിക്കുമ്പോൾ, സമാന സാഹചര്യങ്ങളിൽ ലോകത്തിലെ പല രാജ്യങ്ങളും ഇതേ രീതിയിലുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന വസ്തുത പലരും അവഗണിക്കുന്നുവെന്നാണ് ഇറാന്റെ വാദം. മരണസംഖ്യകളെക്കുറിച്ചുള്ള കണക്കുകൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, അവയെ അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിക്കാൻ ഉപയോഗിക്കുന്നുവെന്ന ആരോപണവും ഇറാൻ ഉന്നയിക്കുന്നു.
പ്രതിഷേധങ്ങൾക്കിടയിൽ പള്ളികളും മതസ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടുവെന്ന ഔദ്യോഗിക അവകാശവാദങ്ങൾ പശ്ചിമ മാധ്യമങ്ങൾ വലിയ തോതിൽ അവഗണിച്ചതായും ഇറാൻ ചൂണ്ടിക്കാണിക്കുന്നു. ഇറാനിയൻ സമൂഹത്തിൽ പള്ളികൾ ആരാധനാലയങ്ങൾ മാത്രമല്ല, സാമൂഹിക ഐക്യത്തിന്റെ അടിത്തറകളാണ്. അവയെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ പ്രതിഷേധങ്ങൾ സമാധാനപരമാണെന്ന വാദത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ഇറാനിയൻ നിരീക്ഷകർ പറയുന്നു.
ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിൽ രാജ്യം മുന്നോട്ട് പോകുന്നത്, വെറും രാഷ്ട്രീയ അധികാരം നിലനിർത്താനുള്ള ശ്രമമല്ല മറിച്ച് ദേശീയ ഐക്യവും പരമാധികാരവും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണെന്ന് പിന്തുണക്കാർ വിലയിരുത്തുന്നു. “ആക്സിസ് ഓഫ് റെസിസ്റ്റൻസ്” ഇറാന്റെ കാഴ്ചപ്പാടിൽ ആക്രമണ തന്ത്രമല്ല അത് വിദേശ ആധിപത്യത്തെയും ഇടപെടലുകളെയും ചെറുക്കാനുള്ള പ്രതിരോധ ശൃംഖലയാണ്.
ഈ പോരാട്ടത്തിന്റെ കേന്ദ്രബിന്ദു ഇറാന്റെ ആത്മീയ നേതൃത്വത്തിന്റെ ഉറച്ച നിലപാടുകളാണ്. വൻശക്തികളുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങിക്കൊടുക്കുന്നതിനേക്കാൾ ഭേദം പോരാടി മരിക്കുന്നതാണെന്ന ആത്മീയവും രാഷ്ട്രീയവുമായ ദർശനമാണ് ഇറാനെ മുന്നോട്ട് നയിക്കുന്നത്. മുതിർന്ന നേതൃത്വം നൽകുന്ന ആഹ്വാനങ്ങൾ കേവലം രാഷ്ട്രീയ പ്രസംഗങ്ങളല്ല, മറിച്ച് ഒരു ജനതയുടെ ആത്മാഭിമാനത്തെ തൊട്ടുണർത്തുന്ന കൽപ്പനകളാണ്. “ഞങ്ങളുടെ പരമാധികാരത്തിൽ തൊട്ടുകളിച്ചാൽ അതിന്റെ ഭവിഷ്യത്ത് അതിഭീകരമായിരിക്കും” എന്ന ആത്മീയ നേതൃത്വത്തിന്റെ താക്കീത് അമേരിക്കയ്ക്കും ഇസ്രായേലിനും കൃത്യമായ മുന്നറിയിപ്പാണ് നൽകുന്നത്. ഈ ആത്മീയ ചൈതന്യവും ദേശീയ ബോധവും ഒന്നുചേരുന്നിടത്താണ് ഇറാന്റെ അതിജീവനത്തിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ചുരുക്കത്തിൽ, ഉപരോധങ്ങളുടെ ആയുധമുനകളെക്കാൾ മൂർച്ചയുള്ളതാണ് ഇറാന്റെ ആത്മവിശ്വാസം. ചാരമാക്കാൻ വരുന്നവർക്ക് മുന്നിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഇറാൻ വീണ്ടും ഉദിച്ചുയരുകയാണ്.