28, November, 2026
Updated on 28, November, 2026 8
അഫ്ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ കുനാറിലെ ഒരു സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ ഏഴ് കുട്ടികൾ കൊല്ലപ്പെടുകയും 90-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്കൂളിന് സമീപത്തെ സംഭരണശാലയിലാണ് രാവിലെ പത്ത് മണിയോടെ പൊട്ടിത്തെറിയുണ്ടായതെന്ന് കരുതുന്നതായി താലിബാൻ മന്ത്രാലയ വക്താവ് വ്യക്തമാക്കി. പ്രവിശ്യാ തലസ്ഥാനമായ അസദാബാദ് ജില്ലയുടെ പ്രാന്തപ്രദേശമായ അന്തർസറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഖനന കമ്പനികളുടെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന കേന്ദ്രം ഇവിടെ പ്രവർത്തിച്ചിരുന്നുവെന്ന വിവരം അപകടത്തിന് പിന്നാലെ പുറത്തുവന്നിട്ടുണ്ട്.
സംഭരണശാലയിലെ അനാസ്ഥയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരിൽ 15 പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്നും മറ്റുള്ളവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെന്നുമാണ് വിവരം. പ്രാഥമിക വിവരങ്ങൾ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളതെന്ന് കുനാർ പ്രവിശ്യാ പൊലീസ് ആസ്ഥാന വക്താവ് ഫരീദ് ദെഹ്ഖാൻ പറഞ്ഞു. പുറത്തുവന്ന കണക്കുകളുടെ കൃത്യത സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. നേരത്തെ ഓഗസ്റ്റിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഒരു സ്കൂൾ സമുച്ചയത്തിലുണ്ടായ ഗ്രനേഡ് സ്ഫോടനത്തിൽ ഒമ്പതിനും 14-നും ഇടയിൽ പ്രായമുള്ള 40-ലധികം കുട്ടികൾക്ക് പരിക്കേറ്റിരുന്നു.