ഹസീനയുടെ മടക്കം: ബംഗ്ലാദേശ് സർക്കാരിന് മുന്നറിയിപ്പുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ; തിരിച്ചെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ധാക്ക


27, November, 2026
Updated on 27, November, 2026 7



​ന്യൂയോർക്ക്: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജ്യത്തേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി താരിഖ് റഹ്മാൻ സർക്കാരിന് മുന്നറിയിപ്പുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. ന്യൂയോർക്കിൽ നടന്ന ‘ബംഗ്ലാദേശിന്റെ ഭാവി’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹസീനയ്ക്കോ അവരോടൊപ്പം മടങ്ങിയെത്തുന്നവർക്കോ എന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം നിലവിലെ ബംഗ്ലാദേശ് സർക്കാരിനും അധികാരികൾക്കുമായിരിക്കുമെന്ന് റൂബിൻ പ്രസ്താവിച്ചു. ഈ സന്ദേശം ധാക്കയ്ക്ക് കൈമാറാൻ അമേരിക്കൻ അംബാസഡറോടും മറ്റ് നയതന്ത്ര പ്രതിനിധികളോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

​ബംഗ്ലാദേശിലെ നിലവിലെ ഭരണകൂടവുമായി ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകരുതെന്നും ഹസീനയുടെ തിരിച്ചുവരവിന്റെ കാര്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും 2002 മുതൽ 2004 വരെ പെന്റഗണിൽ സേവനമനുഷ്ഠിച്ച റൂബിൻ അഭിപ്രായപ്പെട്ടു. 2024 ഓഗസ്റ്റിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരമൊഴിഞ്ഞ ഷെയ്ഖ് ഹസീന അന്നുമുതൽ ഇന്ത്യയിലാണ് കഴിയുന്നത്.

​അതേസമയം, 1971-ലെ ബംഗ്ലാദേശ് വിമോചന വാർഷിക ദിനമായ ഡിസംബർ 16-ന് രാജ്യത്തേക്ക് മടങ്ങാനാണ് ഹസീന ലക്ഷ്യമിടുന്നതെന്ന് അവരുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി നേരത്തെ അറിയിച്ചിരുന്നു. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശ് വിമാനത്തിലാണ് ഹസീന ഇന്ത്യയിലെത്തിയതെന്നും അതിനാൽ വിജയദിനത്തിൽ ഡൽഹിയിൽനിന്ന് ധാക്കയിലേക്ക് മടങ്ങാൻ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിൽ സൗകര്യമൊരുക്കണമെന്നും യാത്രാരേഖകൾ പുനഃസ്ഥാപിക്കണമെന്നും വക്താവ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

​എന്നാൽ, ഹസീന രാജ്യത്തേക്ക് പ്രവേശിച്ചാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്. ഹസീനയ്‌ക്കെതിരെ വധശിക്ഷ ലഭിക്കാവുന്ന കേസുകൾ നിലവിലുണ്ടെന്നും രാജ്യത്തെത്തിയാൽ അവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷമ ഒബൈദ് ഇസ്ലാം വ്യക്തമാക്കി. ഹസീനയെ തിരികെ കൊണ്ടുവരാൻ വിമാനം അയക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ഹസീനയുടെ പ്രഖ്യാപിത മടക്കത്തീയതി അടുക്കുന്നതോടെ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും നയതന്ത്ര നിലപാടുകൾ മേഖലയിൽ നിർണായകമാവുകയാണ്




Feedback and suggestions