27, November, 2026
Updated on 27, November, 2026 1
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന 'ശീഷ് മഹൽ' മാധ്യമപ്രവർത്തകർക്കായി തുറന്നുകൊടുത്ത് ഡൽഹി സർക്കാർ. ആഡംബരത്തിന്റെ പര്യായമായ ബംഗ്ലാവിനുള്ളിലെ ലക്ഷങ്ങൾ വിലമതിക്കുന്ന സൗകര്യങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമ്മ നേരിട്ടെത്തി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. 11.56 ലക്ഷം രൂപയുടെ ഷാൻഡ്ലിയർ (തൂക്കുവിളക്ക്), 30 ലക്ഷം രൂപയുടെ ടിവി യൂണിറ്റ്, 5.47 ലക്ഷം രൂപയുടെ ടു-സീറ്റർ സോഫ, 2.42 ലക്ഷം രൂപയുടെ റിക്ലൈനർ, 5.69 ലക്ഷം രൂപയുടെ കർട്ടനുകൾ തുടങ്ങി അതിശയിപ്പിക്കുന്ന ആഡംബര വസ്തുക്കളാണ് ബംഗ്ലാവിനുള്ളിൽ ഒരുക്കിയിരിക്കുന്നത്.
"പൊതുജനങ്ങളുടെ നികുതിപ്പണം അരവിന്ദ് കെജ്രിവാൾ എങ്ങനെയാണ് ധൂർത്തടിച്ചതെന്ന് ജനങ്ങളെ കാണിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്," മാധ്യമ സന്ദർശനത്തിനിടെ മന്ത്രി പർവേഷ് വർമ്മ പറഞ്ഞു. ഔദ്യോഗിക വാഹനമോ സർക്കാർ ബംഗ്ലാവോ ഉപയോഗിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കെജ്രിവാൾ, ഈ ഔദ്യോഗിക വസതിക്കായി 56 കോടി രൂപയോളം ചെലവഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് മഹാമാരി കാലത്ത് ജനങ്ങൾ മരിച്ചുവീഴുമ്പോഴാണ് ആം ആദ്മി പാർട്ടി നേതാവ് തനിക്കായി ഈ 'ശീഷ് മഹൽ' നിർമ്മിച്ചതെന്നും വർമ്മ കുറ്റപ്പെടുത്തി