നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി


28, November, 2026
Updated on 28, November, 2026 10




വനിതാ സംവരണ ബിൽ പാസാക്കുന്നതിലെ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നാരീശക്തിക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിൽ നിന്ന് എതിർക്കുന്ന പാർട്ടികൾക്ക് രാജ്യത്തെ സ്ത്രീകളെ തടയാനാവില്ല. വനിതാ സംവരണത്തിനായുള്ള പോരാട്ടം പതിറ്റാണ്ടുകളായി തുടരുകയാണെന്നും നിരവധി സ്ത്രീകൾ കത്തുകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെടുത്തിയ പുതിയ വനിതാ സംവരണ ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 


എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകൾ 50 ശതമാനം വർദ്ധിപ്പിക്കാനും 2051 വരെ നിലവിലെ സീറ്റ് അനുപാതം മരവിപ്പിക്കാനും പുതിയ കരട് ബില്ലിൽ വ്യവസ്ഥയുണ്ട്. 2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നവംബർ 30 മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ കേന്ദ്രം ഒരുങ്ങുകയാണ്.


ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനായി ഭരണപക്ഷം നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ സഖ്യം ബില്ലിനെ എതിർക്കാനും ഭരണഘടനാപരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഒന്നിച്ച് നിൽക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളുടെ പിന്തുണ സർക്കാരിനൊപ്പമുണ്ടെന്നും വനിതാ ശാക്തീകരണത്തിനായുള്ള ദൃഢനിശ്ചയത്തിൽ മാറ്റമില്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു.




Feedback and suggestions