ഭോപ്പാൽ ‘ഉമ’ അഗ്നിമിത്ര ഭാഷാപുരസ്കാരം എം കെ ഹരികുമാറിന് സമ്മാനിച്ചു


19, November, 2026
Updated on 19, November, 2026 19


ഭോപ്പാൽ : അരനൂറ്റാണ്ടായി മലയാളഭാഷയ്ക്കും സാഹിത്യത്തിനും നൽകുന്ന സമഗ്രസംഭാവനകൾ പരിഗണിച്ച് വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം കെ ഹരികുമാറിന് ഭോപ്പാൽ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഉമ) പ്രഥമ അഗ്നിമിത്ര ഭാഷാപുരസ്കാരം സമ്മാനിച്ചു. മലയാളികളുടെ വാർഷിക ഉത്സവമായ കേരള ഫെസ്റ്റിന്റെ സമാപനസമ്മേളനത്തിൽ ഭോപ്പാൽ പ്രതിപക്ഷ നേതാവ് ഉമാങ് സിംഘാർ പുരസ്കാരം സമ്മാനിച്ചു. അമ്പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഉമ പ്രസിഡന്റ് ഒ ഡി ജോസഫ് ചടങ്ങിൽ പങ്കെടുത്തു.അഞ്ച് പ്രമുഖ സാഹിത്യകാരന്മാരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് ഹരികുമാറിനെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. ഉമ പ്രസിഡന്റ് ഒ ഡി ജോസഫ്, സെക്രട്ടറി കെ പി ദാസ്, ലയം ചീഫ് എഡിറ്റർ ജി തുളസീധരൻ, മുംബൈ ജാലകം ചീഫ് എഡിറ്റർ സുരേന്ദ്രബാബു, പത്രപ്രവർത്തകൻ ജോർജ് കള്ളിവയലിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരനിർണയം നടത്തിയത്. വിമർശനം, നോവൽ, കഥ, കവിത, പംക്തി രചന തുടങ്ങി വിവിധ സാഹിത്യശാഖകളിൽ ഒരേസമയം നിരന്തരം എഴുതുന്ന അപൂർവ പ്രതിഭയാണ് ഹരികുമാറെന്ന് ജൂറി വിലയിരുത്തി. 'ശ്രീനാരായണായ', 'ആത്മായനങ്ങളുടെ ഖസാക്ക്', 'സർവസ്വ ആത്മനഃ', 'വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ' തുടങ്ങിയ കൃതികളും വിവിധ ആനുകാലികങ്ങളിലെ പംക്തികളും വായനക്കാരെ ആശയപരമായി മുന്നോട്ടുനയിച്ചതായും ജൂറി നിരീക്ഷിച്ചു. 44 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം നിലവിൽ മുഴുവൻ സമയ എഴുത്തുകാരനാണ്. ഹരികുമാറിന്റെ എഴുത്തിനെ ആദരിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് നിർണയസമിതി കൺവീനർ ഒ ഡി ജോസഫ് പറഞ്ഞു.




സാഹിത്യജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ഭോപ്പാലിലെ മലയാളികളുടെ സ്നേഹാദരം ലഭിക്കുന്നത് മഹത്തായ അനുഭവമാണെന്ന് മറുപടി പ്രസംഗത്തിൽ എം കെ ഹരികുമാർ പറഞ്ഞു. സ്ഥാപിതതാൽപ്പര്യങ്ങളുള്ള ഒരു വിഭാഗത്തിന്റെയും ഭാഗമാകാതെ സ്വതന്ത്രമായി എഴുതുന്ന നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ചടങ്ങിൽ ഷാബുധരന്റെ 'തൊട്ടുണർത്തുന്ന കൊളാഷുകൾ' എന്ന കഥാസമാഹാരം ജി തുളസീധരന് നൽകി എം കെ ഹരികുമാർ പ്രകാശനം ചെയ്തു.






















Feedback and suggestions