തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ‘തലമുറമാറ്റം’! കോൺഗ്രസിൽ വൻ സംഘടനാ അഴിച്ചുപണി


20, November, 2026
Updated on 20, November, 2026 9


ഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസ് പാർട്ടിയിൽ വൻ സംഘടനാ പുനഃസംഘടന. വിവിധ സംസ്ഥാനങ്ങളുടെയും സംഘടനാ വകുപ്പുകളുടെയും ചുമതലകളിലേക്ക് 81 പുതിയ ദേശീയ സെക്രട്ടറിമാരെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. പുതിയ നിയമനങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് പാർട്ടി അറിയിച്ചു. രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച ‘സാമൂഹിക നീതി’ ഫോർമുലയുടെ വ്യക്തമായ സ്വാധീനം പുതിയ നിയമനങ്ങളിലുണ്ട്.


പുതുതായി ചുമതലയേറ്റവരിൽ 50 ശതമാനവും ഒബിസി, പട്ടികജാതി, പട്ടികവർഗം വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഒബിസി വിഭാഗത്തിൽ നിന്ന് 20 പേരും, ഇബിസി വിഭാഗത്തിൽ നിന്ന് അഞ്ച് പേരും, പട്ടികജാതി വിഭാഗത്തിൽ നിന്ന് 11 പേരും, പട്ടികവർഗ വിഭാഗത്തിൽ നിന്ന് അഞ്ച് പേരും ഇടംനേടി. പൊതുവിഭാഗത്തിൽ നിന്ന് 29 പേരാണുള്ളത്. 11 പേർ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇതോടെ പിന്നാക്ക, പട്ടിക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ആകെ പ്രാതിനിധ്യം മൊത്തം ഭാരവാഹികളുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗത്തോളമായി. 12 വനിതകളെയും സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട് (ആകെ നിയമനത്തിന്റെ ഏകദേശം 15 ശതമാനം).പുതിയ ദേശീയ സെക്രട്ടറിമാരുടെ ശരാശരി പ്രായം 49 വയസ്സാണ്. നിയമിക്കപ്പെട്ടവരിൽ മൂന്നിൽ രണ്ട് പേരും 50 വയസ്സിൽ താഴെയുള്ളവരാണെന്നത് പാർട്ടിയിലെ ‘തലമുറമാറ്റ’ത്തിന്റെ സൂചനയാണ്. സംഘടനാ പുനഃസംഘടനയുടെ ഭാഗമായി 43 പുതിയ മുഖങ്ങളെ സെക്രട്ടറിമാരായി ഉൾപ്പെടുത്തിയപ്പോൾ, മുൻപുണ്ടായിരുന്ന 25 പേരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി.




Feedback and suggestions