12, November, 2026
Updated on 12, November, 2026 6
വനിതാ സംവരണ ബിൽ പാസാക്കുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ബിൽ പാസാക്കാൻ ആവശ്യമായ വോട്ടുകളേക്കാൾ 15 മുതൽ 18 വരെ വോട്ടുകൾ അധികമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാരെന്ന് പി.ടി.ഐ റിപ്പോർട്ടിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നേരത്തെ ബില്ലിന് ആവശ്യമായ പിന്തുണ ലഭിക്കാതെ വന്നതിനെത്തുടർന്ന് സർക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും വിവിധ പാർട്ടികളുമായുള്ള ചർച്ചകളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. പ്രത്യേക സമ്മേളനത്തിന്റെ തീയതിയും നടപടിക്രമങ്ങളും സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ നിയമത്തിന്റെ പ്രധാന ലക്ഷ്യം. 2023ൽ പാർലമെന്റ് പാസാക്കിയ 106-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇതിന് വഴിയൊരുങ്ങിയത്. എന്നാൽ സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷമേ സംവരണം നടപ്പാക്കാനാകൂ എന്ന വ്യവസ്ഥ നിലവിലുണ്ട്. ഈ വ്യവസ്ഥകളിൽ മാറ്റം വരുത്താനും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടുകൊണ്ടുപോകാനും കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. 2026 ഏപ്രിലിൽ സമാനമായ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. അന്ന് 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ഭരണഘടനാ ഭേദഗതി പാസാക്കാൻ സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് പുറമെ ആകെ അംഗങ്ങളുടെ ഭൂരിപക്ഷവും ആവശ്യമാണ്.
അതേസമയം, വനിതാ സംവരണത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിനെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുണ്ട്. പ്രത്യേകിച്ച് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിർണയിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക ശക്തമാണ്. ഈ വിഷയത്തിൽ ഡിഎംകെ ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ കേന്ദ്രം നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. വനിതകൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകുന്നത് ചരിത്രപരമായ മാറ്റമാകുമെന്ന് കേന്ദ്രസർക്കാർ വാദിക്കുമ്പോൾ, ബില്ലിലെ വ്യവസ്ഥകളിൽ കൂടുതൽ വ്യക്തതയും സംസ്ഥാനങ്ങളുടെ ആശങ്കകൾക്ക് പരിഹാരവും വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പുതിയ പ്രത്യേക സമ്മേളനം വിളിക്കാനുള്ള നീക്കം യാഥാർഥ്യമായാൽ വനിതാ സംവരണവും മണ്ഡല പുനർനിർണയവും വീണ്ടും ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയമാകും.
.