മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നത് 600 ടൺ പൊന്ന്; ലോകത്തെ വമ്പൻ സ്വർണശക്തിയാകാൻ ഇന്ത്യ; കുതിപ്പിന് കരുത്താകുന്നത് ഈ ആറ് സംസ്ഥാനങ്ങൾ


16, November, 2026
Updated on 16, November, 2026 16


ന്യൂഡൽഹി: രാജ്യത്തിന്റെ മണ്ണിനടിയിൽ 'ഉറങ്ങിക്കിടക്കുന്ന' ടൺ കണക്കിന് സ്വർണനിക്ഷേപം പുറത്തെടുത്ത് ആഗോള സ്വർണവിപണിയിൽ വൻ കുതിപ്പിന് ഒരുങ്ങുകയാണ് ഇന്ത്യ. ആഭ്യന്തര സ്വർണ ഉൽപാദനം ഗണ്യമായി വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ രൂപരേഖ നിതി ആയോഗ് ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഖനന ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതികൾ വരുത്തിയും വൻതോതിലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും സ്വകാര്യ കമ്പനികളെയും വിദേശ നിക്ഷേപകരെയും ഈ രംഗത്തേക്ക് ആകർഷിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായായിരിക്കും ഇതിനാവശ്യമായ നയപരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുക.




രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി മണ്ണിനടിയിൽ ശരാശരി 600 ടണ്ണിലധികം സ്വർണനിക്ഷേപമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇതിൽ ഏറ്റവും വലിയ പങ്ക് ബിഹാറിലാണ്; രാജ്യത്തെ ആകെ സ്വർണശേഖരത്തിന്റെ 44 മുതൽ 45 ശതമാനം വരെ ബിഹാറിലാണുള്ളത്. 25 ശതമാനം നിക്ഷേപവുമായി രാജസ്ഥാൻ രണ്ടാമതും 21 ശതമാനവുമായി കർണാടക മൂന്നാമതുമാണ്. പശ്ചിമ ബംഗാൾ (3%), ആന്ധ്രാപ്രദേശ് (3%), ജാർഖണ്ഡ് (2%) എന്നീ സംസ്ഥാനങ്ങളിലും വൻതോതിലുള്ള സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.




ഇത്രയും വലിയ നിക്ഷേപമുണ്ടായിട്ടും ഖനന പ്രദേശങ്ങളെക്കുറിച്ചുള്ള കൃത്യമായ ഭൗമശാസ്ത്ര സർവേകളുടെ അഭാവം, ഖനികളുടെ ലേല നടപടികളിലെ സങ്കീർണ്ണതകൾ, രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പോരായ്മകൾ എന്നിവ കാരണമാണ് നിക്ഷേപകർ ഇത്രകാലം പിന്മാറിനിന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പര്യവേക്ഷണം പ്രോത്സാഹിപ്പിച്ചും ലേല നടപടികൾ ലഘൂകരിച്ചും ഈ പ്രതിസന്ധികൾ മറികടക്കാനാണ് നിതി ആയോഗ് ശുപാർശ ചെയ്യുന്നത്.







Feedback and suggestions