തേങ്ങ പഴമല്ല, എണ്ണക്കുരു! പഴം-പച്ചക്കറി മാർക്കറ്റിൽ വിൽക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി; ശ്രദ്ധേയമായ ഉത്തരവിന് പിന്നിലെ കാരണങ്ങൾ ഇങ്ങനെ


19, November, 2026
Updated on 19, November, 2026 6



തേങ്ങയെ കാർഷികോൽപ്പന്ന വർഗ്ഗീകരണ പ്രകാരം 'എണ്ണക്കുരു' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതിനാൽ പഴം-പച്ചക്കറി വിപണിയിൽ വിൽക്കാൻ അനുവദിക്കാനാകില്ലെന്നും അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ നിരീക്ഷണം. പച്ചത്തേങ്ങ ഒരു പഴമായി കഴിക്കാറുണ്ട് എന്നതുകൊണ്ട് മാത്രം വാണിജ്യ ആവശ്യങ്ങൾക്കായി തേങ്ങ എന്ന ഉൽപ്പന്നത്തെ പൂർണ്ണമായും പഴവർഗ്ഗമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അലോക് മാത്തൂർ, ജസ്റ്റിസ് അമിതാഭ് കുമാർ റായ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.


ഗാസിയാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മെസേഴ്സ് ത്രീ സ്റ്റാർ ഫ്രൂട്ട് കമ്പനി' സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ ഇടപെടൽ. സാഹിബാബാദിലെ നവീൻ പഴം-പച്ചക്കറി വിപണിയിൽ പച്ചത്തേങ്ങ വിൽക്കാൻ അനുമതി നൽകണമെന്നും, 1964-ലെ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ്സ് ആക്ട് ഷെഡ്യൂൾ പ്രകാരം തേങ്ങയെ പഴത്തിന് പകരം എണ്ണക്കുരുവായി തരംതിരിച്ചത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. 2003 മുതൽ ഈ മാർക്കറ്റിൽ പഴം-പച്ചക്കറി വ്യാപാരം നടത്തിവരുന്ന തങ്ങൾക്ക് മുൻകാലങ്ങളിൽ തേങ്ങ വിൽക്കാൻ അനുമതിയുണ്ടായിരുന്നുവെന്നും ഹർജിക്കാർ വാദിച്ചു.






Feedback and suggestions