15, November, 2026
Updated on 15, November, 2026 3
കേരളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രമുഖ ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം വരുത്തി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന പരശുറാം എക്സ്പ്രസ്, ചെന്നൈ സെൻട്രൽ – പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുച്ചെന്തൂർ – പാലക്കാട് ജങ്ഷൻ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് വിവിധ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. പാലക്കാട് ഡിവിഷന് കീഴിൽ ട്രാക്ക് മെയിന്റനൻസ് ജോലികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
യാത്രക്കാർ ഏറെ ആശ്രയിക്കുന്ന മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) നവംബർ 16, 20 തീയതികളിൽ തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിൽ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വെച്ച് സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിൽ ഈ ദിവസങ്ങളിൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല. തിരിച്ചുള്ള സർവീസായ കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) നവംബർ 17, 21 തീയതികളിൽ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലും സർവീസ് റദ്ദാക്കി. ഈ ദിവസങ്ങളിൽ കന്യാകുമാരിക്ക് പകരം തിരുവനന്തപുരം സെൻട്രലിൽ നിന്നാകും ട്രെയിൻ മംഗളൂരുവിലേക്ക് സർവീസ് ആരംഭിക്കുക.