11, November, 2026
Updated on 11, November, 2026 8
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബേത്വയുടെ നവീകരണത്തിനായി 498.58 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിനാണ് നവീകരണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. 2026 നവംബർ 11ന് ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്. ബ്രഹ്മപുത്ര ക്ലാസ് വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പലാണ് ഐഎൻഎസ് ബേത്വ. കപ്പലിന്റെ നിലവിലെ സ്റ്റീം അധിഷ്ഠിത എൻജിൻ സംവിധാനം മാറ്റി ആധുനിക ഡീസൽ എൻജിൻ സംവിധാനം സ്ഥാപിക്കുന്നതാണ് പദ്ധതിയിലെ പ്രധാന നടപടി. ഇതിലൂടെ കപ്പലിന്റെ പ്രവർത്തനക്ഷമതയും ദീർഘകാല ഉപയോഗശേഷിയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
എൻജിൻ മാറ്റുന്നതിനൊപ്പം കപ്പലിന്റെ യുദ്ധശേഷിയും വർധിപ്പിക്കും. ഇതിനായി ആധുനിക ആയുധ സംവിധാനങ്ങൾ ഉൾപ്പെടുന്ന പുതിയ വെപ്പൺ സ്യൂട്ട് സ്ഥാപിക്കും. ഇതോടെ കടലിലെ വിവിധ സുരക്ഷാ ദൗത്യങ്ങൾ കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ കപ്പലിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണിയിലും സാങ്കേതിക നവീകരണത്തിലും തദ്ദേശീയ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കൊച്ചിൻ ഷിപ്പ്യാർഡിന് ലഭിച്ച ഈ കരാർ രാജ്യത്തെ കപ്പൽ അറ്റകുറ്റപ്പണി മേഖലയ്ക്കും വലിയ നേട്ടമാണ്. നേരത്തെ ബ്രഹ്മപുത്ര ക്ലാസിലെ ഐഎൻഎസ് ബിയാസിനും സമാനമായ രീതിയിൽ സ്റ്റീം എൻജിനിൽനിന്ന് ഡീസൽ എൻജിനിലേക്കുള്ള മാറ്റവും നവീകരണവും പ്രഖ്യാപിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി 50ലധികം ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കും (MSME) പങ്കാളികളാകാൻ അവസരം ലഭിക്കും. ഇതിലൂടെ കപ്പൽ നിർമാണ മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രതിരോധ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇന്ത്യൻ സ്ഥാപനങ്ങളുടെ സാങ്കേതിക മികവ് വർധിപ്പിക്കാനും പദ്ധതി സഹായിക്കും. ആത്മനിർഭർ ഭാരത്, മേക്ക് ഇൻ ഇന്ത്യ പദ്ധതികൾക്കും ഇത് കരുത്തേകും. ഇന്ത്യൻ നാവികസേനയുടെ സമുദ്രസുരക്ഷാ ശേഷി വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധ വ്യവസായത്തിനും പുതിയ മുന്നേറ്റമാകും ഐഎൻഎസ് ബേത്വയുടെ നവീകരണം.